ഇൻബോക്സ് നിറയെ മലയാളികളുടെ നടക്കാത്ത സ്വപ്നം; ‘ആ വിനീതല്ല താനെന്ന്’ വിനീത് ശ്രീനിവാസൻ
മുംബൈ : മുംബൈയിലെ പ്രമുഖ സ്റ്റാൻഡ്അപ് കൊമേഡിയൻ വിനീത് ശ്രീനിവാസൻ പങ്കുവെച്ച തനിക്കുണ്ടായ അനുഭവ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. മലയാളി സിനിമാ താരം വിനീത് ശ്രീനിവാസന്റെ അതേ പേരാണ് തനിക്കെന്നും നിരവധി മലയാളികൾ ആ ശ്രീനിവാസനാണനാണ് താനെന്ന് കരുതി മെയിൽ അയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ മെയിൽ ബോക്‌സിലേക്ക് നിരവധി തിരക്കഥകളും അഭിനയിക്കാനുള്ള ചാൻസ് ചോദിച്ചുള്ള അപേക്ഷകളും കിടക്കുന്നുണ്ട്. ആളെ വെളിപ്പെടുത്താത്ത രൂപത്തിൽ അയച്ച മെയിലുകളും വിനീത് പങ്കുവെച്ച വീഡിയോയിൽ കാണിക്കുന്നുണ്ട്.
അസിസ്റ്റൻഡ് ഡയറക്ടർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നു, സ്വപ്‌നമാണ്, ഓസ്‌കാർ വിന്നിങ്ങ് സിനിമാക്കഥ എന്നിങ്ങനെ നിരവധി സബ്‌ജെക്ടുകളിൽ പലരും അവരുടെ ജീവിത കഥ മുഴുവനും തനിക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ ഇമെയിൽ ബോക്‌സ് മുഴുവൻ മലയാളികളുടെ നടക്കാത്ത സ്വപ്‌നങ്ങളുടെ ശേഖരമാണെന്നും അദ്ദേഹം പറഞ്ഞു. അത് ഭയങ്കര ശോകമാണെന്നും വിനീത് കൂട്ടിച്ചേർത്തു. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിനീത് ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോയുടെ താഴെ സിനിമാ താരം വിനീത് ശ്രീനിവാസൻ ബുദ്ധിമുട്ടിച്ചതിന് ക്ഷമ പറയുകയും എന്നെങ്കിലും കാണാമെന്ന് ആശംസിക്കുകയും ചെയ്തു.