10/09/2026
[fontresizer_tawhidurrahmandear_widget]

ഇഡിയുടെ കത്തിൽ ഹവാല ഇടപാടിൻ്റെ വിവരങ്ങളും; 20.5 കോടിയുടെ ഇടപാട് നടത്തി, വിദേശത്തേക്ക് പണം അയച്ചെന്നും തെളിവുകള്‍

 ഇഡിയുടെ കത്തിൽ ഹവാല ഇടപാടിൻ്റെ വിവരങ്ങളും; 20.5 കോടിയുടെ ഇടപാട് നടത്തി, വിദേശത്തേക്ക് പണം അയച്ചെന്നും തെളിവുകള്‍

വീണ, പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ, 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നും ഇതിൽ ഒരു ഭാഗം ദുബായിലേക്ക് കടത്തിയെന്നും ആരോപിച്ചുകൊണ്ട് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചു. ഈ ഇടപാടുകളിൽ ഹവാല സാധ്യതയും ഇ.ഡി കത്തിൽ സംശയിക്കുന്നുണ്ട്. 2024-25 കാലഘട്ടത്തിലെ പണമിടപാടുകളുടെ വിശദമായ വിവരങ്ങൾ, തെളിവുകൾ, മൊഴികൾ, മറ്റ് ഔദ്യോഗിക രേഖകൾ എന്നിവ അടങ്ങിയ 25 പേജുള്ള കത്താണ് നൽകിയതെന്ന് ഇ.ഡി കേന്ദ്രങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ദുബായിൽ പുതിയ കമ്പനി സ്ഥാപിക്കുന്നതിനും ബിസിനസ് ആവശ്യങ്ങൾക്കുമൊക്കെയാണ് ഈ പണം കടത്തിയതെന്ന വിവരങ്ങളും മൊഴികളും ലഭിച്ചിട്ടുണ്ടെന്ന് കത്തിൽ വ്യക്തമാക്കുന്നു. കൈക്കൂലിയായി ലഭിച്ച തുകയാകാം ഇതെന്ന വിലയിരുത്തലിൽ, വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന നിർദ്ദേശത്തോടെയാണ് ഡി.ജി.പി റാവാഡ എ. ചന്ദ്രശേഖറിന് ഇ.ഡി കത്ത് കൈമാറിയത്.

റിയാസിന്റെ ഭാര്യയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ ടി. വീണ, ഷൈജൽ മുഹമ്മദ്, പി. നിഖിൽ, ഹസൻ വാരീസ്, വി.പി. ഫൈജാസ്, എം. നന്ദുലാൽ എന്നിവർ ഈ ഹവാല ഇടപാടുകളിൽ പങ്കാളികളായതായി ഇ.ഡി ചൂണ്ടിക്കാണിക്കുന്നു. ഹവാല ഇടപാടുകൾ നടന്നു എന്ന് കരുതപ്പെടുന്ന സമയത്ത് വീണ ദുബായിൽ രണ്ട് ആഴ്ച താമസിച്ചതിന്റെ രേഖകളും ഇ.ഡി സമർപ്പിച്ച കത്തിലുണ്ട്.

ഷൈജൽ, നിഖിൽ, വാരീസ് എന്നിവരാണ് ഹവാല ഇടപാടുകൾക്ക് പ്രധാനമായും നേതൃത്വം നൽകിയതെന്നാണ് ഇ.ഡി സൂചിപ്പിക്കുന്നത്. ദുബായിലേക്ക് പണം കടത്താൻ സ്വീകരിച്ച വ്യത്യസ്തമായ രീതികളെക്കുറിച്ച് ഇവർ നൽകിയ വെളിപ്പെടുത്തലുകളും കത്തിൽ എടുത്തുപറയുന്നുണ്ട്. ഇതിനുപുറമെ, വീണ വഴി സി.എം.ആർ.എല്ലിൽ നിന്ന് പല ഘട്ടങ്ങളിലായി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലിയായി കൈപ്പറ്റിയെന്നും കത്തിൽ പരാമർശമുണ്ട്.

കേരളത്തിൽ ഏറെ വിവാദമായ സി.എം.ആർ.എൽ – എക്‌സാലോജിക് ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിക്കുന്നതിനിടയിലാണ് നിർണ്ണായക വിവരങ്ങൾ ലഭിക്കുന്നത്. റിയാസുമായി അടുത്ത ബന്ധമുള്ള വ്യക്തികളുടെ വീടുകളിൽ ഇ.ഡി നടത്തിയ റെയ്ഡുകളിലാണ് ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്.

Also read: