10/09/2026
[fontresizer_tawhidurrahmandear_widget]

സാമ്പത്തിക ക്രമക്കേട് ആരോപണം: ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക സ്ഥാനത്ത് നിന്ന് ശൈഖ് ഹസീനയുടെ മകൾ രാജിവെച്ചു

 സാമ്പത്തിക ക്രമക്കേട് ആരോപണം: ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക സ്ഥാനത്ത് നിന്ന് ശൈഖ് ഹസീനയുടെ മകൾ രാജിവെച്ചു

ലണ്ടൻ: സാമ്പത്തിക തട്ടിപ്പും വ്യാജരേഖ ചമയ്ക്കലും സംബന്ധിച്ച് ലോകാരോഗ്യ സംഘടനയും (ഡബ്ല്യൂ.എച്ച്.ഒ) ബംഗ്ലാദേശ് സർക്കാരും അന്വേഷണം ഊർജ്ജിതമാക്കിയതിന് പിന്നാലെ, സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യൻ മേഖല മേധാവിയും ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകളുമായ സൈമ വാസെദ് രാജിവെച്ചു. ബുധനാഴ്ചയാണ് ഇവർ തന്റെ രാജി സമർപ്പിച്ചത്.

2024 ആദ്യവാരത്തിൽ അഞ്ചുവർഷത്തെ കാലാവധിയിലേക്ക് സ്ഥാനം ഏറ്റെടുത്ത സൈമയെ, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ വർഷം അവസാനത്തോടെ ലോകാരോഗ്യ സംഘടന നിർബന്ധിത ശമ്പളരഹിത അവധിയിൽ പ്രവേശിപ്പിച്ചിരുന്നു. 2024 മധ്യത്തോടെ വീശിയടിച്ച ജനകീയ പ്രക്ഷോഭത്തിൽ ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിന് പിന്നാലെ, ബംഗ്ലാദേശിലെ പുതിയ ഇടക്കാല സർക്കാരിന്റെ അഴിമതി വിരുദ്ധ കമ്മീഷൻ സൈമയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസുകൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരുന്നു.

ചൈന സന്ദർശനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതിന് പുറമെ, തന്റെ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ച് വ്യാജ വിവരങ്ങൾ നൽകിയെന്നും ലോകാരോഗ്യ സംഘടന സൈമയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും സൈമ പൂർണ്ണമായും നിഷേധിച്ചു. സംഘടനയുടെ തലവൻ ടെഡ്രോസ് അഥാനോം ഗെബ്രിയേസസിന് അയച്ച ഔദ്യോഗിക കത്തിലാണ് ഇവർ രാജി പ്രഖ്യാപനം നടത്തിയത്. ഒരു വർഷത്തോളമായി ശമ്പളമില്ലാതെ തുടരുന്നതിനാൽ സാമ്പത്തികമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും, സംഘടനയുടെ നിലവിലെ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് താൻ സ്ഥാനമൊഴിയുന്നതെന്നും സൈമ കത്തിൽ എടുത്തുപറഞ്ഞു.

സൈമയെ തസ്തികയിൽ നിന്ന് പുറത്താക്കാൻ ലോകാരോഗ്യ സംഘടന ആലോചിച്ചിരുന്നതായും, പുതിയ മേഖല മേധാവിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ വരും ഒക്ടോബറോടെ ആരംഭിക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശിലെ രൂക്ഷമായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട ഷെയ്ഖ് ഹസീനയും അവാമി ലീഗ് നേതാക്കളും നിലവിൽ ഇന്ത്യയിലാണ് അഭയം തേടിയിരിക്കുന്നത്. ബംഗ്ലാദേശ് ട്രൈബ്യൂണൽ വധശിക്ഷ വിധിച്ച ഷെയ്ഖ് ഹസീന വരും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് തിരികെ മടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Also read: