04/09/2026
[fontresizer_tawhidurrahmandear_widget]

‘ഹസീനയെയും ഒളിവിലുള്ള കുറ്റവാളികളെയും കൈമാറണം’; താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തിന് ഉപാധിവെച്ച് ബംഗ്ലാദേശ്

 ‘ഹസീനയെയും ഒളിവിലുള്ള കുറ്റവാളികളെയും കൈമാറണം’; താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തിന് ഉപാധിവെച്ച് ബംഗ്ലാദേശ്

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തിന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ഉപാധിവെച്ച് ബംഗ്ലാദേശ്. സന്ദർശനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനായി ഷെയ്ഖ് ഹസീനയെയും ഒളിവിൽ കഴിയുന്ന മറ്റ് അവാമി ലീഗ് നേതാക്കളെയും അടിയന്തരമായി വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിൽ സന്ദർശനത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയ വക്താവ് എകെഎം ശാഹിദുൽ കരീം നിലപാട് വ്യക്തമാക്കിയത്.

വിദ്യാർഥി നേതാവ് ശരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ അറസ്റ്റിലായ പ്രതികളെയും കൈമാറണമെന്ന് ധാക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 5-ന് ന്യൂഡൽഹിയിൽ ഷെയ്ഖ് ഹസീന വാർത്താസമ്മേളനം നടത്തിയത് ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലെ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കിയെന്നാണ് ബംഗ്ലാദേശിന്റെ ആരോപണം. മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളിൽ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ ഹസീനയ്‌ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഹസീനയുടെ വാർത്താസമ്മേളനത്തിൽ ഇന്ത്യ ഔദ്യോഗികമായി അകലം പാലിച്ചിരുന്നെങ്കിലും ഇന്ത്യൻ മണ്ണിൽ പരിപാടി സംഘടിപ്പിക്കാൻ അനുമതി നൽകിയതിൽ ധാക്ക കടുത്ത അതൃപ്തിയിലാണ്. അതേസമയം, ഹസീനയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട അഭ്യർഥന നിയമപരമായ നടപടിക്രമങ്ങൾ അനുസരിച്ച് പരിശോധിച്ചു വരികയാണെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. അറസ്റ്റിലായ ബംഗ്ലാദേശ് പൗരന്മാർക്കെതിരായ അന്വേഷണം തുടരുകയാണെന്നും ഇന്ത്യ വ്യക്തമാക്കി.

ഡിപ്ലോമാറ്റിക് ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് ത്രിവേദി ധാക്കയിൽ പ്രധാനമന്ത്രി താരിഖ് റഹ്മാനുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും ഹസീനയുടെ കൈമാറ്റ വിഷയം ബംഗ്ലാദേശ് ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റ് 11-ന് ന്യൂഡൽഹിയിലെത്തിയ ത്രിവേദി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ധരിപ്പിച്ചു.

Also read: