‘ബാബരി മസ്ജിദ് തകർക്കുമ്പോൾ ഞാനും അവിടെയുണ്ടായിരുന്നു, അതിൽ എനിക്ക് അഭിമാനമുണ്ട്’; മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്
നാഗ്‌പൂർ: അയോധ്യയിലെ ബാബരി മസ്‌ജിദ് തകർക്കപ്പെട്ടപ്പോൾ താൻ അവിടെയുണ്ടായിരുന്നുവെന്നും ആ സംഭവത്തിൽ തനിക്ക് വലിയ അഭിമാനമുണ്ടെന്നും വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. നാഗ്‌പൂരിൽ സംഘടിപ്പിച്ച ‘മന്ഥൻ 4 യുവ’ എന്ന യുവജന സംവാദ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തൻ്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായകമായ വഴിത്തിരിവായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് രാമജന്മഭൂമി പ്രക്ഷോഭ കാലഘട്ടത്തെയാണ്. ഇരുപതാം വയസ്സിൽ രാമജന്മഭൂമി പ്രക്ഷോഭത്തിൽ പങ്കെടുത്തതിൻ്റെയും നേരിടേണ്ടി വന്ന കഠിനമായ അനുഭവങ്ങളുടെയും ഓർമകൾ ഫഡ്നാവിസ് വേദിയിൽ പങ്കുവെച്ചു. അയോധ്യയിലേക്കുള്ള യാത്രയ്ക്കിടെ തനിക്കും സഹപ്രവർത്തകർക്കും നേരെ പോലീസിൻ്റെ ലാത്തിച്ചാർജ്ജും വെടിവെപ്പും ഉണ്ടായിട്ടുണ്ടെന്നും, പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായി ഉത്തർപ്രദേശിലെ ബദൗൺ സെൻട്രൽ ജയിലിൽ 18 ദിവസത്തോളം തടവിൽ കഴിയേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം ഓർത്തെടുത്തു.
ജയിൽ മോചിതനായ ശേഷം വീണ്ടും പ്രക്ഷോഭത്തിലേക്ക് മടങ്ങിയ അദ്ദേഹം, തുടർന്ന് 1992-ൽ ബാബരി മസ്ജിദ് തകർക്കപ്പെടുന്നതിന് നേരിട്ട് സാക്ഷ്യം വഹിക്കുകയായിരുന്നു. പ്രതിപക്ഷത്തിരിക്കാൻ വേണ്ടി മാത്രം ജനിച്ചവരാണെന്ന് സ്വയം കരുതിയിരുന്ന ഒരു കാലത്താണ് ബി.ജെ.പിയുടെ ആശയങ്ങളിൽ ആകൃഷ്ടനായി താൻ രാഷ്ട്രീയത്തിൽ എത്തിയതെന്ന് ഫഡ്‌നാവിസ് പറഞ്ഞു. കേവലം അധികാരത്തിലെത്താൻ മാത്രമുള്ള മാർഗമല്ല രാഷ്ട്രീയം, മറിച്ച് വലിയ സാമൂഹിക-സാമ്പത്തിക മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശക്തമായ ഉപകരണമാണതെന്ന സന്ദേശവും അദ്ദേഹം യുവജനങ്ങൾക്ക് നൽകി.
ഒരു സാധാരണക്കാരനായ തനിക്ക് സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി പദം വരെ എത്താൻ കഴിഞ്ഞതും, ഗുജറാത്തിലെ ഒരു സാധാരണ ചായക്കച്ചവടക്കാരനായിരുന്ന നരേന്ദ്ര മോദി രാജ്യത്തിൻ്റെ പ്രധാനമന്ത്രി പദത്തിൽ എത്തിയതും ഇന്ത്യൻ ജനാധിപത്യത്തിൻ്റെയും ഭരണഘടനയുടെയും ഏറ്റവും വലിയ സൗന്ദര്യമാണെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു.