ബാബരിക്ക് പുറമെ മഥുരയും ഗ്യാൻവാപിയും മുസ്‌ലിംകള്‍ ഹിന്ദുക്കൾക്ക് വിട്ടുനൽണം- കെ.കെ മുഹമ്മദ്
ന്യൂഡല്‍ഹി: ബാബരിക്ക് പുറമെ മഥുരയും ഗ്യാൻവാപിയും ഹിന്ദുക്കൾക്ക് വിട്ടുനൽകാൻ മുസ്‌ലിം സമൂഹം തയ്യാറാകണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്ഐ) മുൻ റീജിയണൽ ഡയറക്ടർ കെ.കെ മുഹമ്മദ്. ഇതോടെ മറ്റ് ആരാധനാലയങ്ങൾക്ക് മേൽ ഹിന്ദുക്കൾ അവകാശവാദം ഉന്നയിക്കുന്നത് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്. (Muslims should give up Gyanvapi and Mathura too, Hindus must stop new demands: Ex-ASI top official KK Muhammed)
അയോധ്യയിലെ രാമജന്മഭൂമി, മഥുര, ഗ്യാൻവാപി എന്നീ മൂന്ന് സ്ഥലങ്ങൾ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം മുസ്ലീങ്ങൾക്ക് മക്കയും മദീനയും പോലെ പ്രധാനപ്പെട്ടതാണ്. അതിനാൽ ഈ മൂന്ന് സ്ഥലങ്ങൾ വിട്ടുനൽകാൻ മുസ്ലീം സമൂഹം സ്വമേധയാ തയ്യാറാകണം. അതേസമയം, ഈ മൂന്ന് സ്ഥലങ്ങൾക്കപ്പുറം വലിയൊരു പട്ടികയുമായി ഹിന്ദുക്കൾ രംഗത്തെത്തരുത്. അത് പ്രശ്നങ്ങൾ വഷളാക്കുകയേയുള്ളൂവെന്നും കെകെ മുഹമ്മദ് മുന്നറിയിപ്പ് നൽകി. മതസൗഹാർദ്ദത്തിനും ഐക്യത്തിനും ഈ വിട്ടുവീഴ്ചകൾ അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അയോധ്യ തർക്കം സങ്കീർണമാക്കിയത് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരാണെന്ന് കെ.കെ മുഹമ്മദ് ആരോപിച്ചു. 1976-ൽ ബി.ബി ലാലിന്റെ നേതൃത്വത്തിൽ നടന്ന ഉത്ഖനനത്തിൽ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ, കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാർ തെറ്റായ വിവരങ്ങൾ നൽകി മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിച്ചു. ക്ഷേത്രമുണ്ടായിരുന്നതിന് തെളിവില്ലെന്ന് അവർ പ്രചരിപ്പിച്ചു. ഉത്ഖനന സ്ഥലത്ത് സന്ദർശനം പോലും നടത്താത്തവരായിരുന്നു ഇത്തരം വ്യാജപ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയതെന്നും മുഹമ്മദ് ആരോപിച്ചു.
താജ്മഹൽ തേജോ മഹാലയ എന്ന ശിവക്ഷേത്രമായിരുന്നു എന്ന വാദത്തെ കെ.കെ മുഹമ്മദ് പൂർണമായും തള്ളി. രാജാ മാൻ സിംഗിന്റെ കൊട്ടാരമായിരുന്ന സ്ഥലം ഷാജഹാൻ ചക്രവർത്തിക്ക് കൈമാറിയതാണെന്നും, ഇതിന് വ്യക്തമായ രേഖകൾ ജയ്പൂർ, ബിക്കാനീർ മ്യൂസിയങ്ങളിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാം തങ്ങളുടേതാണെന്ന് സ്ഥാപിക്കാനുള്ള ചില തീവ്ര ഹിന്ദു ഗ്രൂപ്പുകളുടെ ശ്രമമാണിതെന്നും അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞ 11 വർഷത്തെ ബിജെപി ഭരണം എഎസ്ഐയെ സംബന്ധിച്ചിടത്തോളം ഒരു ‘ഇരുണ്ട കാലഘട്ടം’ ആയിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. പൈതൃക സംരക്ഷണത്തിൽ സർക്കാരിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ല. താൻ നേതൃത്വം നൽകിയിരുന്ന ചമ്പലിലെ ബതേശ്വർ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ കഴിഞ്ഞ 11 വർഷമായി മന്ദഗതിയിലാണെന്നും കെ.കെ മുഹമ്മദ് കൂട്ടിച്ചേർത്തു.