28/09/2026
[fontresizer_tawhidurrahmandear_widget]

ട്രാഫിക് പിഴയടച്ചില്ലെങ്കിൽ ഇനി വൈദ്യുതി മുടങ്ങിയേക്കാം: ഇ-ചലാൻ ഈടാക്കാൻ കടുത്ത നിർദേശവുമായി സുപ്രീംകോടതി

 ട്രാഫിക് പിഴയടച്ചില്ലെങ്കിൽ ഇനി വൈദ്യുതി മുടങ്ങിയേക്കാം: ഇ-ചലാൻ ഈടാക്കാൻ കടുത്ത നിർദേശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഇ-ചലാൻ പിഴ തുക ഈടാക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി. പിഴ അടയ്ക്കാത്തവരുടെ വൈദ്യുതി ബില്ലുമായി തുക ബന്ധിപ്പിക്കുന്ന കാര്യം സർക്കാരുകൾക്ക് പരിഗണിക്കാമെന്ന് ജസ്റ്റിസ് ജെ.ബി പർദിവാല അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുമെന്ന ഭയത്താൽ ആളുകൾ പിഴയടയ്ക്കാൻ നിർബന്ധിതരാകും. എന്നാൽ ഇത് വാദത്തിനിടെ ഉയർന്ന ഒരു നിർദേശം മാത്രമാണെന്നും നടപ്പാക്കാനുള്ള ഉത്തരവല്ലെന്നും കോടതി വ്യക്തമാക്കി.

രാജ്യത്തുടനീളം ഏകദേശം 45,000 കോടി രൂപയുടെ ഇ-ചലാൻ കുടിശ്ശികയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം. ഇതിൽ 25,000 കോടി രൂപ മാത്രമാണ് ഇതുവരെ ഈടാക്കാനായത്. പോലീസിന് പിഴ ഈടാക്കൽ വലിയ വെല്ലുവിളിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

പിഴയടക്കാത്ത വാഹനങ്ങൾക്ക് ആർ.സി പുതുക്കൽ, ഉടമസ്ഥാവകാശ മാറ്റം, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പിയുസി സർട്ടിഫിക്കറ്റ് എന്നിവ നൽകരുതെന്നും നിർദേശമുണ്ട്. ചലാനുമായി ബന്ധപ്പെട്ട ഡ്രൈവിങ് ലൈസൻസുകൾ പുതുക്കാതിരിക്കുകയോ താൽക്കാലികമായി റദ്ദാക്കുകയോ ചെയ്യാം.

കൂടാതെ, കുടിശ്ശികയുള്ള വാഹനങ്ങൾ പരിവാഹൻ പോർട്ടലിൽ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യാനും ആവർത്തിച്ച് ലംഘനം നടത്തുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാനും കോടതി നിർദേശിച്ചു. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

Also read: