‘ഇതാണ് ലഹരി, ഇതാവണം ലഹരി; ഇഷ്ട ടീം ബ്രസീൽ, ഇപ്പോൾ അർജന്റീനയ്ക്കൊപ്പം’: മന്ത്രി രമേശ് ചെന്നിത്തല
കണ്ണൂർ: ലോകകപ്പിൽ തൻ്റെ ഇഷ്ട ടീമായ ബ്രസീൽ പുറത്തായതിനാൽ ഇനി പിന്തുണ അർജന്റീനയ്ക്കാണെന്ന് മന്ത്രി രമേശ് ചെന്നിത്തല. കണ്ണൂർ കോർപ്പറേഷൻ ജവഹർ സ്റ്റേഡിയത്തിൽ ‘ജീവിതമാണ് ലഹരി’ എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച ‘ഓപ്പറേഷൻ തൂഫാൻ’ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ വാക്കുകൾ സദസ്സിലുണ്ടായിരുന്ന വിദ്യാർത്ഥികളും ജനങ്ങളും വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച ആർപ്പുവിളികൾക്കിടയിൽ, കായികവും കലയുമാണ് യഥാർത്ഥ ലഹരിയെന്ന് അദ്ദേഹം ജനങ്ങളെ ഓർമ്മിപ്പിച്ചു. മയക്കുമരുന്ന് നാടിനെയും യുവത്വത്തെയും നശിപ്പിക്കുമ്പോൾ, കായിക രംഗത്തിലൂടെ കണ്ടെത്തുന്ന ലഹരിയെ വെല്ലാൻ മറ്റൊന്നിനുമാകില്ലെന്നും അത് മെച്ചപ്പെട്ടൊരു തലമുറയെ വാർത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞപ്പോൾ നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.
ലഹരി മാഫിയക്കെതിരെ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതി സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതി ആരംഭിച്ചതിന് ശേഷം കൊലപാതകങ്ങളും അക്രമങ്ങളും ഉൾപ്പെടെയുള്ള ക്രമസമാധാന പ്രശ്നങ്ങളിൽ 9 ശതമാനത്തിന്റെയും വാഹന അപകടങ്ങളിൽ 10 ശതമാനത്തിന്റെയും കുറവുണ്ടായിട്ടുണ്ട്. ലഹരി മാഫിയയെ കണ്ട് ജനം ഭയന്നോടിയിരുന്ന അവസ്ഥയിൽ നിന്ന് മാറി ജനങ്ങളെ കണ്ട് മാഫിയ ഭയക്കുന്ന തലത്തിലേക്ക് കാര്യങ്ങളെത്തി.
നാടിനെ രക്ഷിക്കാനുള്ള ഈ ഉദ്യമത്തിന് കക്ഷി രാഷ്ട്രീയം മറന്നുള്ള പിന്തുണയാണ് ലഭിക്കുന്നത്. പദ്ധതിയെ പ്രശംസിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയനും, പിന്തുണയറിയിച്ച പ്രശസ്ത സാഹിത്യകാരൻ ടി. പത്മനാഭനും അദ്ദേഹം നന്ദി പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത സി.പി.എം എം.എൽ.എ കെ.വി. സുമേഷിന്റെ സാന്നിധ്യവും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.
എറണാകുളത്ത് വരാനിരിക്കുന്ന ഓപ്പറേഷൻ തൂഫാൻ ബോധവൽക്കരണ പരിപാടിയിൽ നടൻ മോഹൻലാലും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ജോസഫും പങ്കെടുക്കുമെന്ന സുപ്രധാന പ്രഖ്യാപനവും മന്ത്രി വേദിയിൽ നടത്തി. ചടങ്ങിൽ കെ. സുധാകരൻ എം.പിയെ ‘തൂഫാൻ വോറിയർ’ ആയി പ്രഖ്യാപിക്കുകയും മന്ത്രി രമേശ് ചെന്നിത്തല അദ്ദേഹത്തെ തൂഫാൻ ബാഡ്‌ജ് ധരിപ്പിക്കുകയും ചെയ്തു. കണ്ണൂർ കോർപ്പറേഷൻ്റെ എസ്.ടി.പി, എഫ്.എസ്.ടി.പി മൊബൈൽ ആപ്ലിക്കേഷനുകളുടെ പ്രകാശനം കെ. സുധാകരൻ എം.പി. നിർവഹിച്ചു.
മേയർ പി. ഇന്ദിര അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എൽ.എമാരായ ടി.ഒ. മോഹനൻ, കെ.വി. സുമേഷ്, ജില്ലാ കലക്‌ടർ പി. വിഷ്‌ണുരാജ്, ഉത്തരമേഖലാ ഡി.ഐ.ജിയും ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസറുമായ പുട്ട വിമലാദിത്യ എന്നിവർ മുഖ്യാതിഥികളായി. അസിസ്‌റ്റൻ്റ് കലക്‌ടർ എസ്. സ്വാതി ഐ.എ.എസ്, കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, ഷമീമ, വി.കെ. മുഹമ്മദലി, സോന ജയറാം, കൗൺസിലർമാരായ വി.കെ. പ്രകാശിനി, പി. മഹേഷ്, കോർപ്പറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ തുടങ്ങിയവരും പ്രസംഗിച്ചു.