‘പ്രസ്താവന അപലപനീയം, യോജിക്കാനാവില്ല’; വിദ്യാർത്ഥികൾക്കെതിരായ വിദ്വേഷ പരാമർശത്തിൽ ടി.ജി മോഹൻദാസിനെ തള്ളി ആർ.എസ്.എസ്
ടി.ജി മോഹൻദാസ്
തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വെടിവെച്ചു കൊല്ലുമെന്നും ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളാണ് സമരത്തിനിറങ്ങിയതെന്നുമടക്കം കടുത്ത വിദ്വേഷ-അധിക്ഷേപ പരാമർശങ്ങൾ നടത്തിയ ആർ.എസ്.എസ്. സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിനെ തള്ളി ആർ.എസ്.എസ്. അദ്ദേഹത്തിന്റെ പ്രസ്താവന അപലപനീയമാണെന്ന് ആർ.എസ്.എസ്. ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹക് കെ.ബി. ശ്രീകുമാർ വ്യക്തമാക്കി. ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമുയരുകയും ആഭ്യന്തരവകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആർ.എസ്.എസ്. നിലപാട് വ്യക്തമാക്കിയത്.
ടി.ജി. മോഹൻദാസ് പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും ആ അഭിപ്രായങ്ങളോടും കാഴ്ചപ്പാടുകളോടും ആർ.എസ്.എസ്. ഒരുതരത്തിലും യോജിക്കുന്നില്ലെന്നും ശ്രീകുമാർ വ്യക്തമാക്കി. ടി.ജി. മോഹൻദാസ് സംഘടനയിൽ നിലവിൽ യാതൊരു ചുമതലകളും വഹിക്കുന്നില്ലെന്നും കെ.ബി. ശ്രീകുമാർ അറിയിച്ചു.
തനിക്കാണ് അധികാരമെങ്കിൽ ജന്തർ മന്തറിൽ കർഫ്യൂ പ്രഖ്യാപിക്കുമെന്നും എന്നിട്ടും പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കുനേരേ വെടിവെക്കുമെന്നുമായിരുന്നു മോഹൻദാസിൻ്റെ വിഡിയോ പരാമർശം. ‘എനിക്ക് ഈ സാഹചര്യം കൈയിൽ കിട്ടിയാൽ നാല് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൂന്നുതവണ മൈക്കിൽ ആവശ്യപ്പെടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും. കുറേപ്പേർ മരിക്കും. കുറേപ്പേർ മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും. ശവങ്ങൾ പെറുക്കിക്കൂട്ടി ആശുപത്രിയിൽ എത്തിക്കും’ ടി.ജി. മോഹൻദാസ് പറഞ്ഞു.
പ്രക്ഷോഭസ്ഥലത്തു നിന്ന് പൊലീസിനെ പൂർണമായും പിൻവലിച്ച് സമരക്കാർക്ക് വിട്ടുനൽകിയാൽ അവിടെ കൊലപാതകങ്ങളും കൂട്ട ബലാത്സംഗങ്ങളും നടക്കുമെന്നും ദൈവാനുഗ്രഹം കൊണ്ട് ആരും അതിൽ പരാതിപ്പെടില്ല എന്നും ഇയാൾ പറഞ്ഞിരുന്നു. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് അവിടെ ഉള്ളത് എന്നും പ്രത്യേകിച്ച് ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ വർഗ ബഹുജന പ്രസ്ഥാനങ്ങളിൽ ഉള്ളവർ ഇത്തരം കാര്യങ്ങൾ ഇഷ്ടപ്പെടുന്നവരാണ് എന്നും മോഹൻദാസ് ആരോപിച്ചു.
‘ഡൽഹിയിൽ കൂട്ട ബലാത്സംഗം നടക്കും. അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് അവിടെയുള്ളത്. പ്രത്യേകിച്ച് ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ വർഗ ബഹുജന വിഭാഗത്തിൽപ്പെട്ടവർ. അതിനിടയ്ക്ക് ആരെങ്കിലും ചത്തുകഴിഞ്ഞാൽ അടുത്ത രക്തസാക്ഷികളായി മാറും’ എന്നായിരുന്നു ഇയാളുടെ പരാമർശം.
സംഭവത്തിൽ എ.ഐ.വൈ.എഫ്. (AIYF) സംസ്ഥാന സെക്രട്ടറിയുടെ പരാതിയിൽ ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സൈബർ സെൽ ഐ.ജി. പി. പ്രകാശിനാണ് അന്വേഷണച്ചുമതല. യൂത്ത് കോൺഗ്രസ്, എസ്.എഫ്.ഐ, ഫ്രേറ്റേണിറ്റി മൂവ്‌മെന്റ് തുടങ്ങിയ യുവജന-വിദ്യാർത്ഥി സംഘടനകളും മോഹൻദാസിനെതിരെ പരാതി നൽകിയിട്ടുണ്ട്.