വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗൺസിലർമാർ; ചടങ്ങ് നിയമവിരുദ്ധമെന്ന് എൽഡിഎഫ്
തിരുവനന്തപുരം: ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തത് ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ആകെ 20 പേരുടെ സത്യപ്രതിജ്ഞയാണ് കോടതി അസാധുവാക്കിയിരുന്നത്. ഇതിൽ 19 പേരാണ് മേയർക്ക് മുന്നിൽ ഇന്ന് ഈശ്വരനാമത്തിൽ വീണ്ടും സത്യവാചകം ചൊല്ലിയത്.
അതേസമയം, ബിജെപി കൗൺസിലർമാരുടെ ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് എൽഡിഎഫ് രംഗത്തെത്തി. ചടങ്ങ് അടിയന്തരമായി നടത്തിയതിനെതിരെ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി ദീപക് എൽഎസ്ജിഡി പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി. തദ്ദേശ സെക്രട്ടറി, തെരഞ്ഞെടുപ്പ് കമ്മീഷൻ, നഗരസഭാ സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തിൽ വേണം ചടങ്ങ് നടത്താനെന്നായിരുന്നു കോടതി ഉത്തരവെന്ന് പരാതിയിൽ പറയുന്നു. ഹരജിക്കാരനെയോ പ്രതിപക്ഷ കൗൺസിലർമാരെയോ മുൻകൂട്ടി അറിയിക്കാതെയാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നും ജനാധിപത്യവിരുദ്ധമായ ഇത്തരം നീക്കങ്ങൾ അവിശ്വാസപ്രമേയത്തെ ഭയന്നാണെന്നും എൽഡിഎഫ് ആരോപിച്ചു.
നേരത്തെ, കേരള മുൻസിപ്പാലിറ്റി നിയമപ്രകാരം ജനപ്രതിനിധികൾ ‘ദൈവനാമത്തിലോ’ ‘സഗൗരവമോ’ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാവൂ എന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക വാചകങ്ങളിൽ മാറ്റം വരുത്തി ഇഷ്ടദേവതകളുടെയോ വ്യക്തികളുടെയോ പേര് ചേർത്തത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.പി ദീപക് സമർപ്പിച്ച ഹരജിയിൽ കോടതി സത്യപ്രതിജ്ഞ റദ്ദാക്കിയത്. നാലാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ടെന്നിരിക്കെ, തിടുക്കപ്പെട്ട് സത്യപ്രതിജ്ഞ നടത്തിയത് നിയമവിരുദ്ധമാണെന്നാണ് എൽഡിഎഫിന്റെ നിലപാട്.