കാപ്പ കേസ് പ്രതിയായ ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു
തൃശൂർ: കാപ്പ ചുമത്തി ജയിലിലടച്ച തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ജയിലിനുള്ളിൽ വെച്ച് ഒരു ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ വിയ്യൂർ ജയിലിലെ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം മേയർ വി.വി രാജേഷ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഈശ്വരനാമത്തിലാണ് സുഗതൻ ഇക്കുറി സത്യപ്രതിജ്ഞ ചെയ്തത്. നേരത്തെ ചട്ടവിരുദ്ധമായി വിവിധ ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സുഗതൻ ഉൾപ്പെടെയുള്ള ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. തുടർന്ന് മറ്റ് കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും, കാപ്പ ചുമത്തപ്പെട്ട് ജൂൺ ഒൻപത് മുതൽ നാടുകടത്തപ്പെട്ട സുഗതന് ജയിലിലായതിനാൽ അതിന് സാധിച്ചിരുന്നില്ല. സ്വന്തം ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ലാത്തതിനാൽ സത്യപ്രതിജ്ഞ അനിശ്ചിതാവസ്ഥയിലായ സാഹചര്യത്തിലാണ് ജയിലിൽ ചടങ്ങ് നടത്തുന്നതിൽ വിയോജിപ്പില്ലെന്ന സർക്കാർ വാദം ശരിവെച്ച് കോടതി അനുമതി നൽകിയത്.
വട്ടിയൂർക്കാവ് പൊലീസിൻ്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ. സുഗതൻ. മനപ്പൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, വീട് അതിക്രമിച്ചു കയറി തകർക്കൽ, സ്ത്രീകളെ ആക്രമിക്കൽ, ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തൽ, ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി ഉദ്ഘാടനം തടസ്സപ്പെടുത്തൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്.