തിരുവനന്തപുരം കോർപറേഷനിൽ ബിജെപി-യുഡിഎഫ് കൗൺസിലർമാർ ഏറ്റുമുട്ടി; ഹാജര്‍ രജിസ്റ്ററിനായി പിടിവലി
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ ബിജെപി-യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയും ഏറ്റുമുട്ടലും. കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധിച്ചതോടെയാണ് കൗണ്‍സില്‍ ഹാള്‍ നാടകീയ രംഗങ്ങള്‍ക്ക് വേദിയായത്.
ഉച്ചയ്ക്ക് 2.30-ഓടെ ആരംഭിച്ച കൗണ്‍സില്‍ യോഗത്തില്‍ യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടയിലാണ് അജണ്ടകള്‍ പാസാക്കി യോഗം പിരിഞ്ഞതായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും ചീത്തവിളിയും കയ്യാങ്കളിയുമുണ്ടാവുകയായിരുന്നു. കൗണ്‍സില്‍ യോഗം പിരിഞ്ഞതിനു പിന്നാലെ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ശബരീനാഥന്‍ ഹാജര്‍ രജിസ്റ്റര്‍ പരിശോധിക്കുകയും ഒപ്പിടുകയും ചെയ്തു. ഈ സമയം ഹാജര്‍ രജിസ്റ്റര്‍ വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയന്റെ നേതൃത്വത്തിലുള്ള സംഘം അടുത്തേക്ക് എത്തിയതോടെയാണ് തര്‍ക്കം പിടിവലിയിലേക്ക് നീങ്ങിയത്. ഇതിനിടെ രജിസ്റ്റര്‍ വലിച്ചുകീറി നശിപ്പിക്കാനും ശ്രമമുണ്ടായി.
സംഘര്‍ഷത്തിനിടെ തങ്ങളുടെ സ്ത്രീ കൗണ്‍സിലര്‍മാരെ ഏകപക്ഷീയമായി ആക്രമിച്ചെന്നും പാര്‍ട്ടിയുമായി ആലോചിച്ച് നിയമനടപടികളിലേക്ക് കടക്കുമെന്നും യുഡിഎഫ് വ്യക്തമാക്കി. അതേസമയം, ശബരീനാഥ് രജിസ്റ്ററില്‍ തിരുത്തല്‍ വരുത്താന്‍ ശ്രമിച്ചെന്നും സിപിഎമ്മിന്റെ ബി ടീമായാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി ആരോപിച്ചു.