കാപ്പയിൽ ആർ സുഗതൻ ജയിലിൽ; ബിജെപി കോർപറേഷൻ ഭരണം പ്രതിസന്ധിയിൽ
തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ഭരണത്തെ പ്രതിസന്ധിയിലാക്കി പാർട്ടി കൗൺസിലർ ആർ. സുഗതന്റെ ജയിൽവാസം. കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന സുഗതന് അടുത്ത നാല് ആഴ്ചയ്ക്കകം കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലെങ്കിലോ, അടുത്ത കോർപറേഷൻ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലോ അംഗത്വം നഷ്ടമാകും.
101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപറേഷനിൽ നിലവിൽ 50 ബിജെപി പ്രതിനിധികളുടെയും ഒരു സ്വതന്ത്രന്റെയും അടക്കം 51 പേരുടെ പിന്തുണയോടെയാണ് ബിജെപി ഭരിക്കുന്നത്. സുഗതന്റെ അംഗത്വം നഷ്ടമാകുന്നതോടെ ഭരണകക്ഷിക്ക് കോർപറേഷനിലെ കേവലഭൂരിപക്ഷം നഷ്ടമാകും. ഇത് കോർപറേഷൻ ഭരണത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.