10,000 ടണ്ണിന്റെ യുദ്ധക്കപ്പലുകളും ആണവായുധങ്ങളും; നാവികക്കരുത്ത് കൂട്ടാൻ കിം ജോങ് ഉൻ
പ്യോങ്യാങ്: അമേരിക്ക, ദക്ഷിണ കൊറിയ എന്നിവരിൽ നിന്നുള്ള സുരക്ഷാ വെല്ലുവിളികൾ നേരിടാൻ നാവികസേനയെ പൂർണമായും ആണവായുധ സജ്ജമാക്കുമെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഭീമൻ യുദ്ധക്കപ്പലുകൾ നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരകൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ വർഷം നിർമാണം പൂർത്തിയാക്കിയ 5,000 ടൺ ഭാരമുള്ള ‘ചോ ഹാൺ’ എന്ന അത്യാധുനിക യുദ്ധക്കപ്പൽ നാവികസേനയ്ക്ക് സമർപ്പിക്കുന്ന ചടങ്ങിലാണ് കിമ്മിന്റെ ഈ പ്രഖ്യാപനം. ‘ചോ ഹാൺ’ കപ്പലിന് പിന്നാലെ ‘കാങ് കോൺ’ എന്ന ഡിസ്ട്രോയർ കപ്പലും, തുടർന്ന് 10,000 ടൺ ഭാരമുള്ള കൂറ്റൻ തന്ത്രപ്രധാന യുദ്ധക്കപ്പലുകളും രാജ്യം നിർമിക്കും. പ്രതിവർഷം ഇത്തരം രണ്ട് കപ്പലുകളെങ്കിലും നിർമിക്കുകയാണ് ലക്ഷ്യം.
നിലവിൽ ദക്ഷിണ കൊറിയയ്ക്ക് 5000 ടണ്ണിലധികം ഭാരമുള്ള 10-ലധികം യുദ്ധക്കപ്പലുകൾ ഉള്ളപ്പോൾ ഉത്തരകൊറിയയ്ക്ക് ഇത് രണ്ടെണ്ണം മാത്രമാണ്. പുതിയ 10,000 ടൺ കപ്പലുകൾ സമുദ്രമേഖലയിലെ ദക്ഷിണ കൊറിയയുടെ ആധിപത്യത്തിന് തടയിടാനാണെന്ന് പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നു.
കൊറിയൻ ഉപദ്വീപിൽ യുദ്ധമുണ്ടായാൽ അമേരിക്കൻ സൈന്യത്തിന്റെ ഇടപെടൽ തടയുക എന്ന തന്ത്രപരമായ ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ട്. തന്ത്രപരമായ ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള ക്രൂയിസ് മിസൈലുകൾ കപ്പലുകളിൽ വിന്യസിക്കുന്നതോടെ ദക്ഷിണ കൊറിയയുടെയും അമേരിക്കയുടെയും പ്രതിരോധ ചെലവുകൾ വൻതോതിൽ വർധിക്കും. അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്ന് കൊറിയൻ ഉപദ്വീപിനെ ആണവയുദ്ധത്തിന്റെ വക്കിലേക്ക് തള്ളിവിടുകയാണെന്ന് കിം ജോങ് ഉൻ കുറ്റപ്പെടുത്തി.