17/04/2026
[fontresizer_tawhidurrahmandear_widget]

ആണവായുധ ശേഷി കുത്തനെ വർധിപ്പിച്ച് ഉത്തര കൊറിയ; ആശങ്കാജനകമെന്ന് ഐ.എ.ഇ.എ

 ആണവായുധ ശേഷി കുത്തനെ വർധിപ്പിച്ച് ഉത്തര കൊറിയ; ആശങ്കാജനകമെന്ന് ഐ.എ.ഇ.എ

വിയന്ന/പ്യോങ്യാങ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ സുപ്രധാന നീക്കവുമായി ഉത്തര കൊറിയ. ആണവ പദ്ധതികൾ വിപുലീകരിക്കുകയും ആണവായുധശേഷി വർധിപ്പിക്കുകയും ചെയ്യുന്നതായുള്ള റിപ്പോർട്ടുകളാണു പുറത്തുവരുന്നത്. അന്താരാഷ്ട്ര ആണവോർജ ഏജൻസി(ഐ.എ.ഇ.എ) മേധാവി റാഫേൽ ഗ്രോസിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ നടക്കുന്ന ആണവ പദ്ധതികൾ ആശങ്കപ്പെടുത്തുന്ന സാഹചര്യത്തിലാണുള്ളതെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

ഉത്തരകൊറിയയിലെ ആണവ കേന്ദ്രങ്ങളിൽനിന്നുള്ള ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്തതിൽനിന്ന് ആണവായുധങ്ങൾ നിർമിക്കാനുള്ള ശേഷി അവർ ഗണ്യമായി വർധിപ്പിച്ചതായി കണ്ടെത്തിയെന്നാണ് ഗ്രോസിയെ ഉദ്ധരിച്ച് ‘റോയിട്ടേഴ്‌സ്’ റിപ്പോർട്ട് ചെയ്യുന്നത്. ഉത്തര കൊറിയയിലെ യോങ്‌ബ്യോൺ ആണവകേന്ദ്രത്തിൽ പുതിയ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആണവായുധങ്ങൾക്കായി ഉപയോഗിക്കുന്ന പ്ലൂട്ടോണിയം വേർതിരിച്ചെടുക്കുന്ന സംവിധാനങ്ങളും യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങളും ഉത്തര കൊറിയ വിപുലീകരിച്ചിട്ടുണ്ട്.

വലിയ തോതിലുള്ള യുറേനിയം സമ്പുഷ്ടീകരണം നടക്കുന്നുണ്ടെന്നാണ് റാഫേൽ ഗ്രോസിയുടെ റിപ്പോർട്ട് ആരോപിക്കുന്നത്. ആണവ മിസൈലുകൾക്കായി ഉപയോഗിക്കുന്ന യുറേനിയത്തിന്റെ അളവ് വർധിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യകൾ അവർ വികസിപ്പിച്ചു. പരീക്ഷണാടിസ്ഥാനത്തിലുള്ള ജല റിയാക്ടർ ഇപ്പോൾ പ്രവർത്തനക്ഷമമാണെന്നും ഇത് ആണവായുധ നിർമാണത്തിന് കരുത്ത് പകരുമെന്നും സൂചനയുണ്ട്.

അമേരിക്കയും ഇസ്രയേലും ഇറാനുമായി യുദ്ധം ചെയ്യുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഉത്തര കൊറിയ നടത്തുന്ന പുതിയ നീക്കം നയതന്ത്രപരമായി വലിയ പ്രാധാന്യമർഹിക്കുന്നുണ്ട്. അമേരിക്കയുടെ ശ്രദ്ധ പശ്ചിമേഷ്യയിൽ കേന്ദ്രീകരിച്ചിരിക്കുമ്പോൾ, തങ്ങളുടെ ആണവശക്തി വർധിപ്പിക്കാൻ ലഭിച്ച അവസരമായാണ് കിം ജോങ് ഉൻ ഇതിനെ കാണുന്നത്. ഇറാന് ഉത്തരകൊറിയ രഹസ്യമായി ആയുധങ്ങൾ കൈമാറുന്നുണ്ടെന്ന ആരോപണങ്ങൾ നിലനിൽക്കെ, ഈ പുതിയ വെളിപ്പെടുത്തൽ അമേരിക്കയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

ആണവായുധശേഷി കൂട്ടുമെന്ന് ഇറാന്റെ അനുഭവം ചൂണ്ടിക്കാട്ടി കിം ജോങ് ഉന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതു സമയത്തും ഒരു നിയമസാധുതയുമില്ലാത്ത ആക്രമണത്തിന് മുതിരാൻ ചില രാജ്യങ്ങൾ അധികാരം പ്രയോഗിക്കുമ്പോൾ പ്രതിരോധശേഷി വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നാണ് കൊറിയൻ നേതാവ് ചൂണ്ടിക്കാട്ടുന്നത്.

ഉത്തര കൊറിയയുടെ ആണവ പദ്ധതികൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നാണ് ഐ.എ.ഇ.എ പറയുന്നത്. ഒരു ആണവ പരീക്ഷണം ഏത് നിമിഷവും നടന്നേക്കാമെന്ന ഭീതി നിലനിൽക്കുന്നു. അന്താരാഷ്ട്ര സമൂഹം ഒന്നിച്ചുനിന്ന് ഉത്തര കൊറിയയെ ചർച്ചകൾക്ക് പ്രേരിപ്പിക്കണമെന്ന് ഗ്രോസി ആവശ്യപ്പെട്ടു. 2009 മുതൽ ഐ.എ.ഇ.എ പരിശോധകർക്ക് ഉത്തര കൊറിയയിൽ പ്രവേശനമില്ലാത്തത് വലിയ പ്രതിസന്ധിയായും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

ഉത്തര കൊറിയയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പുതിയ നീക്കം ദക്ഷിണ കൊറിയയെയും ജപ്പാനെയും കൂടുതൽ ആശങ്കയിലാക്കിയിട്ടുണ്ട്. അമേരിക്കയുടെ ഉപരോധങ്ങൾക്കിടയിലും ആണവ പദ്ധതികളുമായി മുന്നോട്ടുപോകുന്നത് കിം ഭരണകൂടത്തിന്റെ കടുത്ത നിലപാടാണ് വ്യക്തമാക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം ആഗോള ആണവ സുരക്ഷയെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ തെളിവാണ് ഉത്തര കൊറിയയുടെ വിപുലീകരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Also read: