‘ആ വീട്ടുകാർ ഉംറക്ക് പോയതാ, അതുകൊണ്ട് രക്ഷപ്പെട്ടു..’; കള്ളാടിയിൽ മണ്ണിനടിയിലായ വീടിനെക്കുറിച്ച് നാട്ടുകാർ
കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ വീട് പൂർണമായും തകർന്ന വാർത്തയ്ക്കൊപ്പം നാട്ടുകാർക്ക് നേരിയ ആശ്വാസമേകുന്നത് ആ വീട്ടുകാരുടെ അസാന്നിധ്യമാണ്. അപകടത്തിൽപ്പെട്ട വീടിൻ്റെ ഉടമസ്ഥരും കുടുംബവും ഉംറ തീർത്ഥാടനത്തിന് പോയതിനാലാണ് വൻ ദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. ഇവരുടെ മകൻ മറ്റൊരു സ്ഥലത്ത് പഠിക്കുകയുമാണ്.
വീടിൻ്റെ ഒരു ഭാഗവും സമീപത്തുണ്ടായിരുന്ന ചെറിയ പള്ളിയും നിലവിൽ പൂർണമായും മണ്ണിനടിയിലാണ്. തുരങ്കപാത നിർമാണത്തിനിടെയുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരണപ്പെടുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികളാണ്. ഹിര കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താക്കൂർ, രജനീഷ്, തന്മയ് ഘോഷ്, കൂപമാൽ (ജയ), കുഞ്ചു, സന്തോഷ് കുമാർ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
പ്രദേശത്ത് ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുന്ന പ്രവർത്തികൾ പുരോഗമിക്കുകയാണ്. വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 30 അംഗ എൻഡിആർഎഫ് സംഘങ്ങളും കള്ളാടിയിലെ രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.