21/07/2026
[fontresizer_tawhidurrahmandear_widget]

കളിക്കളത്തിൽ യമാൽ, ഗാലറിയിൽ കുഞ്ഞനിയൻ; സ്പെയിൻ മത്സരത്തിനിടെ സോഷ്യൽ മീഡിയ കീഴടക്കി മൂന്നുവയസ്സുകാരൻ കീനെ

 കളിക്കളത്തിൽ യമാൽ, ഗാലറിയിൽ കുഞ്ഞനിയൻ; സ്പെയിൻ മത്സരത്തിനിടെ സോഷ്യൽ മീഡിയ കീഴടക്കി മൂന്നുവയസ്സുകാരൻ കീനെ

ന്യൂയോർക്ക്: സ്പെയിൻ വീണ്ടുമൊരു ലോകകപ്പ് സെമിഫൈനലിലേക്ക് പ്രവേശിച്ചതിന്റെ ആവേശത്തിലാണ് ഫുട്ബോൾ ലോകം. ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് സ്പെയിൻ സെമിയിലേക്ക് മുന്നേറിയത്. രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷയും 18-കാരനായ ലാമിൻ യമാലിലാണെങ്കിലും, ഇത്തവണ സമൂഹമാധ്യമങ്ങളിൽ താരമായത് കളിക്കളത്തിലെ കൗമാരക്കാരനല്ല, മറിച്ച് യമാലിന്റെ മൂന്നുവയസ്സുകാരനായ അനിയൻ കീനെയാണ്. സോഫി സ്റ്റേഡിയത്തിൽ മത്സരം പുരോഗമിക്കുമ്പോൾ ഗാലറിയിലിരുന്ന് സ്പെയിന് വേണ്ടി കൈവീശിയും ആർത്തുവിളിച്ചും പ്രോത്സാഹിപ്പിക്കുന്ന കുരുന്ന് കീനെയുടെ ദൃശ്യങ്ങൾ ക്യാമറകൾ ഒപ്പിയെടുക്കുകയായിരുന്നു. നിമിഷനേരം കൊണ്ടാണ് കൊച്ചുതാരത്തിന്റെ ഈ കുസൃതികൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

ക്യാമറകൾക്ക് മുന്നിൽ കീനെ ശ്രദ്ധാകേന്ദ്രമാകുന്നത് ഇതാദ്യമായല്ല. നേരത്തെ റൗണ്ട് ഓഫ് 32-ൽ ഓസ്ട്രിയക്കെതിരെ സ്പെയിൻ വിജയിച്ചപ്പോഴും ഗാലറിയിൽ കീനെയുടെ ആഘോഷങ്ങളുണ്ടായിരുന്നു. അന്ന് ക്യാമറകൾ തനിക്ക് നേരെ തിരിഞ്ഞപ്പോൾ ആവേശത്തോടെ കൈകൾ വീശുകയും കുസൃതിയോടെ നാക്ക് നീട്ടിക്കാണിക്കുകയും ചെയ്ത കീനെയെ ആരാധകർ ഏറ്റെടുത്തിരുന്നു. യമാലിന്റെ അമ്മയായ ഷീല എബാനയുടെ മകനായി 2022 സെപ്റ്റംബറിലാണ് കീനെ ജനിക്കുന്നത്. ഇരുവരും തമ്മിൽ 15 വയസ്സിന്റെ വലിയ പ്രായവ്യത്യാസമുണ്ടെങ്കിലും ഈ അർധസഹോദരങ്ങൾ തമ്മിലുള്ള ആത്മബന്ധം വാക്കുകൾക്ക് അതീതമാണ്.

വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞ ചുറ്റുപാടുകളിൽ നിന്ന് ദാരിദ്ര്യത്തോട് പൊരുതിയാണ് യമാൽ ഇന്ന് കാണുന്ന ലോക ഫുട്ബോളിന്റെ നെറുകയിൽ എത്തിയത്. അടുക്കളയും കിടപ്പുമുറിയും ഒരേയിടത്തുതന്നെയായിരുന്ന ഒരു കൊച്ചുകുടിലിലായിരുന്നു തന്റെ പഴയകാലമെന്ന് യമാൽ മുൻപ് തുറന്നുപറഞ്ഞിട്ടുണ്ട്. ആ സാഹചര്യങ്ങളിൽ നിന്നും മാറി, തന്റെ അമ്മ ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നത് കാണുന്നതും തനിക്ക് ഒരിക്കലും ലഭിക്കാതെ പോയ മനോഹരമായൊരു ബാല്യകാലം സുഖസൗകര്യങ്ങളോടെ അനിയന് ആസ്വദിക്കാൻ കഴിയുന്നതുമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്നാണ് യമാൽ പറയുന്നത്.

Also read: