19/10/2026
[fontresizer_tawhidurrahmandear_widget]

‘നമ്മളെല്ലാവരും ഒരു ദിവസം മരിക്കും’; പ്രസംഗത്തിന് തൊട്ടുപിന്നാലെ അൾത്താരയിലെ ഭീമൻ കുരിശ് തലയിൽ വീണ് വൈദികന് ദാരുണാന്ത്യം

 ‘നമ്മളെല്ലാവരും ഒരു ദിവസം മരിക്കും’; പ്രസംഗത്തിന് തൊട്ടുപിന്നാലെ അൾത്താരയിലെ ഭീമൻ കുരിശ് തലയിൽ വീണ് വൈദികന് ദാരുണാന്ത്യം

ഗ്വായാക്വിൽ: ഇക്വഡോറിലെ ഗ്വായാക്വിൽ നഗരത്തിൽ ലൈവ് കുർബാനയ്ക്കിടെ പള്ളിക്കകത്തെ ഭീമൻ കുരിശ് പൊട്ടിവീണ് വൈദികന് ദാരുണാന്ത്യം. ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് ചർച്ചിലെ ഇടവക വികാരിയായ ഫാദർ പാട്രിസിയോ അൽഫ്രെഡോ സാഞ്ചസ് മൊളിനാരി ആണ് ശനിയാഴ്ച മരിച്ചത്.

പള്ളിയുടെ അൾത്താരയിൽ സ്ഥാപിച്ചിരുന്ന ഭീമൻ തടി കുരിശാണ് കുർബാനയ്ക്കിടെ പെട്ടെന്ന് അടർന്ന് അദ്ദേഹത്തിന്റെ തലയ്ക്ക് പിന്നിലേക്ക് വീണത്. ലൈവായി സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന കുർബാനയ്ക്കിടെയാണ് ഈ അപകടമുണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അൾത്താരയ്ക്ക് പിന്നിൽ ഭിത്തിയിൽ ഉറപ്പിച്ചിരുന്ന കുരിശ് പൊടുന്നനെ ഇളകിവീഴുകയായിരുന്നു. വിശ്വാസികളെ അഭിമുഖീകരിച്ച് നിൽക്കുകയായിരുന്ന ഫാദർ മൊളിനാരിക്ക് പിന്നിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞിരുന്നില്ല. കുരിശ് തലയിൽ വീണയുടനെ അദ്ദേഹം നിലത്തുവീഴുകയായിരുന്നു. ഉടൻ തന്നെ വിശ്വാസികൾ അദ്ദേഹത്തെ സഹായിക്കാനായി ഓടിയെത്തുന്നതും, ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. അപകട സ്ഥലത്ത് ഉടൻ തന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും അന്ന് തന്നെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

മനുഷ്യജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചും, ഫോണിൽ സമയം ചെലവഴിക്കുന്നതിന് പകരം ദൈവത്തിനും പ്രിയപ്പെട്ടവർക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്നും അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ അപകടം സംഭവിച്ചത്. “നമ്മളെല്ലാവരും ഒരു ദിവസം മരിക്കും, ചിലപ്പോഴൊക്കെ നമ്മൾ ചില കാര്യങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്ന സമയത്തിന് ദൈവത്തോടൊപ്പം ചെലവഴിക്കുന്ന സമയത്തോളം അർത്ഥമുണ്ടാകില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ.

തുടർന്ന് വിശ്വാസികളെ അനുഗ്രഹിക്കാനായി അദ്ദേഹം മറ്റൊരു പ്രാർത്ഥന ആരംഭിച്ചപ്പോഴാണ് കുരിശ് ഇളകിവീണത്. ഭീമൻ കുരിശ് ഇളകിവീഴാനുള്ള വ്യക്തമായ കാരണം ഇതുവരെ പള്ളി അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഫാദർ മൊളിനാരിയുടെ മരണത്തിൽ ഗ്വായാക്വിൽ അതിരൂപത അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും, അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഞായറാഴ്ച വൈകുന്നേരം പ്രത്യേക കുർബാന സംഘടിപ്പിക്കുകയും ചെയ്തു.

Also read: