21/07/2026
[fontresizer_tawhidurrahmandear_widget]

‘മനുഷ്യരോട് ചോദിച്ചിട്ടല്ല മരം വീഴുന്നത്, ഇതെല്ലാം സംഭവിക്കും’; സ്കൂൾ ബസിന് മുകളിൽ മരംവീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ മഹാരാഷ്ട്ര മന്ത്രിയുടെ പരാമർശം വിവാദത്തിൽ

 ‘മനുഷ്യരോട് ചോദിച്ചിട്ടല്ല മരം വീഴുന്നത്, ഇതെല്ലാം സംഭവിക്കും’; സ്കൂൾ ബസിന് മുകളിൽ മരംവീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ മഹാരാഷ്ട്ര മന്ത്രിയുടെ പരാമർശം വിവാദത്തിൽ

മുംബൈ: സ്‌കൂൾ ബസിന് മുകളിൽ മരംവീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ മഹാരാഷ്ട്ര മന്ത്രി സഞ്ജയ് ശിർസാത് നടത്തിയ പരാമർശം വിവാദമാകുന്നു. മരങ്ങൾ വീഴുന്നതും മിന്നലടിക്കുന്നതും പ്രകൃതിദത്തമായ കാര്യങ്ങളാണെന്നും മനുഷ്യരോട് പറഞ്ഞിട്ടല്ല മരം വീഴുന്നതെന്നും ഉള്ള സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ പ്രതികരണമാണ് വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.

ചെമ്പൂരിലെ യൂണിവേഴ്‌സൽ സ്‌കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് വിഹാൻ ശ്രീവാസ്തവ എന്ന 11 കാരൻ മരിച്ച സംഭവത്തിലാണ് ശിവസേന (ഏക്‌നാഥ് ഷിൻഡെ വിഭാഗം) നേതാവ് കൂടിയായ മന്ത്രി മാധ്യമങ്ങളോട് ഇത്തരത്തിൽ പ്രതികരിച്ചത്. അപകടം നിർഭാഗ്യകരമാണെന്നും കുട്ടിയുടെ വീട് സർക്കാർ പ്രതിനിധികൾ സന്ദർശിക്കുമെന്നും പറഞ്ഞ മന്ത്രി, അനാസ്ഥ ചൂണ്ടിക്കാണിച്ച പ്രതിപക്ഷത്തിന് മറുപടി നൽകവേയാണ് വിവാദ പരാമർശം നടത്തിയത്.

മൺസൂണിന് മുൻപ് നടത്തേണ്ടിയിരുന്ന സുരക്ഷാ തയ്യാറെടുപ്പുകളിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു. എന്നാൽ മരം വീഴുന്നത് മനുഷ്യന്റെ നിയന്ത്രണത്തിലല്ലെന്ന മന്ത്രിയുടെ ന്യായീകരണം മരിച്ച കുട്ടിയുടെ കുടുംബത്തെ അവഹേളിക്കുന്നതാണെന്ന വിമർശനം ശക്തമായിട്ടുണ്ട്.

കഴിഞ്ഞദിവസം വൈകിട്ടുണ്ടായ അപകട സമയത്ത് 13 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. നാട്ടുകാരുടെയും കണ്ടക്ടറുടെയും സമയബന്ധിതമായ ഇടപെടലാണ് കൂടുതൽ ദുരന്തം ഒഴിവാക്കിയത്. അപകടത്തിൽ പരിക്കേറ്റ മറ്റ് നാല് കുട്ടികളെ സെൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

Also read: