‘കടുത്ത ക്രിക്കറ്റ് ആരാധകൻ, എപ്പോഴും കയ്യിൽ ബോളുണ്ടാവും’; മരം വീണ് മരിച്ച 11 കാരന് അവസാന സമ്മാനമായി പന്ത് നൽകി കുടുംബം
മുംബൈ: മരം മുറിഞ്ഞുവീണ് മരിച്ച പതിനൊന്നുകാരന് കുടുംബത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. അവൻ ജീവന് തുല്യം സ്‌നേഹിച്ച ക്രിക്കറ്റ് പന്തും നെഞ്ചോട് ചേർത്താണ് വിഹാൻ ശ്രീവാസ്തവ ഈ ലോകത്തോട് വിടപറഞ്ഞത്. കഴിഞ്ഞ ദിവസമാണ് വാനിന് മുകളിൽ മരം വീണ് വിഹാൻ ശ്രീവാസ്തവ് മരിച്ചത്.
ക്രിക്കറ്റിനെ കടുത്ത രീതിയിൽ പ്രണയിച്ചിരുന്ന വിഹാൻ എപ്പോഴും സ്വന്തം കൈകളിൽ ഒരു ക്രിക്കറ്റ് ബോൾ കരുതാറുണ്ടായിരുന്നുവെന്ന് കണ്ണീരോടെ കുടുംബാംഗങ്ങൾ ഓർമ്മിക്കുന്നു. വിഹാൻ ഭക്ഷണപ്രിയനായിരുന്നുവെന്നും അവന്റെ ഓർമ്മകൾ അയൽക്കാരും സങ്കടത്തോടെ പങ്കുവെച്ചു. ഭാവിയിൽ വലിയൊരു ക്രിക്കറ്ററാകണമെന്നതായിരുന്നു വിഹാന്റെ ഏറ്റവും വലിയ സ്വപ്‌നം. ഇക്കാരണത്താലാണ് വിഹാനെ സംസ്‌കരിക്കുമ്പോൾ ക്രിക്കറ്റ് ബോളും ചേർത്തുവെച്ചതെന്ന് കുടുംബാംഗം പറഞ്ഞു.
അപകടത്തിൽ വാനിലുണ്ടായിരുന്ന മറ്റ് കുട്ടികൾക്ക് പരിക്കേൽക്കുകയും വിഹാൻ മരണപ്പെടുകയുമായിരുന്നു. അപകടത്തിന് കാരണമായ മരത്തിന്റെ വീഴാൻ സാധ്യതയുണ്ടെന്ന് മാസങ്ങൾക്ക് മുൻപ് തന്നെ മുൻസിപ്പൽ കോർപ്പറേഷന് നോട്ടീസ് നൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്ന് പ്രദേശവാസികളും കുടുംബവും ആരോപിക്കുന്നു. അധികൃതരുടെ കടുത്ത അനാസ്ഥയാണ് ഒരു കൊച്ചുബാലന്റെ ജീവൻ കവർന്നതെന്നും ഇതിന് കാരണക്കാരായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് ഉയരുന്നത്.