05/09/2026
[fontresizer_tawhidurrahmandear_widget]

ഔട്ടായതിൽ പ്രകോപിതനായി അംപയറെ ബാറ്റ് കൊണ്ട് തല്ലി ഗുരുതര പരിക്കേൽപ്പിച്ചു; 36 വർഷത്തിന് ശേഷം ബാറ്റ്സ്മാൻ പിടിയിൽ

 ഔട്ടായതിൽ പ്രകോപിതനായി അംപയറെ ബാറ്റ് കൊണ്ട് തല്ലി ഗുരുതര പരിക്കേൽപ്പിച്ചു; 36 വർഷത്തിന് ശേഷം ബാറ്റ്സ്മാൻ പിടിയിൽ

താനെ: ക്രിക്കറ്റ് കളിക്കിടെ ഔട്ട് വിധിച്ചതിലുള്ള ദേഷ്യത്തിൽ അംപയറെ ബാറ്റ് കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി 36 വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. താനെയിലെ മീരാ റോഡ് പ്രദേശത്തെ പൂനം റെസിഡൻസിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഓംപ്രകാശ് ലൾത പാസി എന്ന 55-കാരനെയാണ് ബോറിവലി പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.

1990-ൽ പ്രതിക്ക് പതിനെട്ട് വയസ്സുള്ളപ്പോഴായിരുന്നു കേസിനാസ്പദമായ ഈ സംഭവം നടന്നത്. അന്ന് അംപയറെ ആക്രമിച്ചതിന് വധശ്രമത്തിന് കേസെടുത്തതോടെ ഇയാൾ നാടുവിടുകയായിരുന്നു. പിന്നീട് കേസിന്റെ വിചാരണ വേളയിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പോലീസിന്റെ അറസ്റ്റ് ഒഴിവാക്കുന്നതിനായി കഴിഞ്ഞ 36 വർഷമായി സ്വന്തം വിലാസവും ഫോൺ നമ്പറുകളും നിരന്തരം മാറ്റിക്കൊണ്ടാണ് ഇയാൾ ഒളിവുജീവിതം നയിച്ചിരുന്നത്.

എന്നാൽ പഴയ കേസ് വീണ്ടും പൊടിതട്ടിയെടുത്ത പോലീസ്, ലഭ്യമായ എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഇയാളുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് ഇപ്പോൾ പിടികൂടിയത്. പഴുതടച്ച അന്വേഷണത്തിലൂടെ മൂന്നര പതിറ്റാണ്ടിന് ശേഷം പ്രതിയെ വലയിലാക്കാൻ കഴിഞ്ഞതിൽ അതിയായ ചാരിതാർഥ്യമുണ്ടെന്ന് ബോറിവലി പോലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

Also read: