യുവാവിന്റെ ആത്മഹത്യയും കുടിയൊഴിപ്പിക്കലും; നേപ്പാളിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും ജെൻ-സി പ്രക്ഷോഭം
കാഠ്‌മണ്ഡു: നേപ്പാളിൽ വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് തിരികൊളുത്തിയ ജെൻ-സി യുവജന പ്രസ്ഥാനം വീണ്ടും തെരുവിലിറങ്ങുന്നു. മുമ്പ് ഇവരുടെ തന്നെ പ്രക്ഷോഭങ്ങളുടെ ഫലമായി അധികാരത്തിലെത്തിയ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ (ബാലൻ ഷാ) സർക്കാരിനെതിരെയാണ് ഇപ്പോൾ രാജ്യത്ത് വൻ പ്രതിഷേധം അലയടിക്കുന്നത്. കാഠ്‌മണ്ഡുവിൽ 25-കാരനായ റൈഡ് ഷെയറിങ് ടാക്സി ഡ്രൈവർ പാർക്കിങ് തർക്കത്തെ തുടർന്ന് തീകൊളുത്തി മരിച്ചതും, നിർബന്ധിത കുടിയൊഴിപ്പിക്കലുകളുമാണ് പുതിയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചത്.
വ്യാഴാഴ്‌ച കാഠ്‌മണ്ഡുവിൽ പാർക്കിങ്ങിനെ ചൊല്ലി ട്രാഫിക് പോലീസുമായുണ്ടായ തർക്കത്തിനൊടുവിലാണ് ഗണേഷ് നേപ്പാളി എന്ന യുവാവ് സ്വയം തീകൊളുത്തിയത്. ഗണേഷിന്റെ മോട്ടോർ സൈക്കിളിൽ മുൻസിപ്പൽ പോലീസ് വീൽ-ലോക്ക് ഘടിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം പിന്നീട് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി. ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ നിരന്തരം പിഴയൊടുക്കേണ്ടി വന്നതും വീൽ ലോക്കിങ് നടപടികളും ഗണേഷിനെ കടുത്ത മാനസിക സംഘർഷത്തിലാക്കിയിരുന്നതായി കാഠ്‌മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. മരിക്കുന്നതിന് ഒരാഴ്ച മുൻപ് മോട്ടോർ സൈക്കിൾ ലോക്ക് ചെയ്തതിന് ഉദ്യോഗസ്ഥർ 1,000 രൂപ പിഴ ഈടാക്കിയതായി അദ്ദേഹം ബന്ധുക്കൾക്ക് സന്ദേശം അയച്ചിരുന്നു. തന്റെ മരണത്തിന് കാഠ്മണ്ഡു മെട്രോപൊളിറ്റൻ അധികൃതരാണ് കാരണക്കാരെന്ന് അദ്ദേഹം പറഞ്ഞിരുന്നതായി കുടുംബവും ആരോപിക്കുന്നു.
ഗണേഷിന്റെ മരണം കാഠ്‌മണ്ഡുവിൽ വലിയ ജനരോഷത്തിനാണ് തിരികൊളുത്തിയത്. യുവാവിന്റെ മരണത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ പ്രധാനമന്ത്രി ബാലൻ ഷായുടെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങി.
യുവാവിന്റെ മരണത്തിന് പുറമെ, കാഠ്മണ്ഡുവിൽ അനധികൃത കയ്യേറ്റമെന്ന പേരിൽ ഭൂമിയില്ലാത്ത നൂറുകണക്കിന് കുടുംബങ്ങളെ പുനരധിവാസം ഉറപ്പാക്കാതെ കുടിയൊഴിപ്പിച്ചതും പ്രതിഷേധം ആളിക്കത്തിക്കാൻ കാരണമായിട്ടുണ്ട്. താത്കാലിക ക്യാമ്പുകളിൽ കഴിയുന്നവരെ പോലും ഒഴിയാൻ സർക്കാർ നിർബന്ധിക്കുന്നതായി പ്രതിഷേധക്കാർ ആരോപിക്കുന്നു. യാതൊരുവിധ താമസസൗകര്യവും നൽകാതെയുള്ള ഈ നടപടി മനുഷ്യത്വരഹിതമാണെന്നാണ് ഇവരുടെ വാദം.
2025-ലെ വൻ ജനകീയ പ്രക്ഷോഭത്തിലൂടെ അധികാരത്തിലെത്തിയ ബാലൻ ഷാ സർക്കാരിനെതിരെ ജനരോഷം ഉയരുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസം അദ്ദേഹം പാർലമെന്റിൽ നടത്തിയ ചില പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയും, ഇതിനെതിരെ യുവജനങ്ങൾ തെരുവിലിറങ്ങുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ നേപ്പാൾ രാഷ്ട്രീയം വീണ്ടും പ്രക്ഷുബ്ധമാവുകയാണ്.