‘ഓസ്ട്രേലിയയിൽ കാലുകുത്തിയാൽ മരണം’; സന്ദർശനം നടക്കാനിരിക്കെ നരേന്ദ്ര മോദിക്ക് വധഭീഷണി; അന്വേഷണം ആരംഭിച്ചു
മെൽബൺ: വരാനിരിക്കുന്ന ഓസ്ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ഓൺലൈനിലൂടെ വധഭീഷണി. ജൂലൈ എട്ടിന് അദ്ദേഹം ഓസ്ട്രേലിയയിലെ മെൽബണിൽ സന്ദർശനം നടത്താനിരിക്കെയാണ് സമൂഹമാധ്യമത്തിലൂടെ ഭീഷണി സന്ദേശം എത്തിയതെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇന്ത്യൻ വംശജർ മെൽബണിൽ സംഘടിപ്പിക്കുന്ന ‘മെൽബൺ മീറ്റ് മോദി’ എന്ന പരിപാടിയുമായി ബന്ധപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്. “ഓസ്ട്രേലിയയിൽ വന്നാൽ മരണമായിരിക്കും ഫലം” എന്നായിരുന്നു കമന്റ്. കൂടാതെ, പരിപാടി സംഘടിപ്പിക്കുന്ന സ്റ്റേഡിയം അടച്ചിടുന്നതാണ് നല്ലതെന്നും സന്ദേശത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഭീഷണി സന്ദേശം അയച്ചയാളുടെ ഐപി അഡ്രസ് ഫെഡറൽ പോലീസ് ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഐപി അഡ്രസ് ഉപയോഗിച്ച് മുമ്പ് ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. സന്ദേശത്തിന്റെ ഉറവിടവും മറ്റ് പശ്ചാത്തലങ്ങളും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും മെൽബൺ നഗരത്തിലും സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയിട്ടുണ്ട്.
ജൂലൈ എട്ടിന് മെൽബണിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, അവിടെയുള്ള ഇന്ത്യൻ സമൂഹവുമായി സംവദിക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതിന് പുറമെ, ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള കാർഷിക മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതുൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത സുരക്ഷാ ഭീഷണി ഉയർന്നിരിക്കുന്നത്.