20/07/2026
[fontresizer_tawhidurrahmandear_widget]

ജയിലിലെ കൃഷിപ്പണിക്കിടെ പ്രണയം; കൊലക്കേസിൽ ജീവപര്യന്തം തടവുകാർക്ക് വിവാഹത്തിനു അനുമതി നൽകി ഹൈക്കോടതി

 ജയിലിലെ കൃഷിപ്പണിക്കിടെ പ്രണയം; കൊലക്കേസിൽ ജീവപര്യന്തം തടവുകാർക്ക് വിവാഹത്തിനു അനുമതി നൽകി ഹൈക്കോടതി

ജയ്പൂർ: ജയിലിൽ കൃഷിപ്പണിക്കിടെ മൊട്ടിട്ട പ്രണയം ഒടുവിൽ വിവാഹത്തിലേക്ക്. രാജസ്ഥാനിലെ ജോധ്‌പൂർ മണ്ടോർ തുറന്ന ജയിലിൽ ശിക്ഷ അനുഭവിക്കുന്ന രണ്ട് കൊലക്കേസ് തടവുകാർക്കാണ് വിവാഹം കഴിക്കാൻ രാജസ്‌ഥാൻ ഹൈക്കോടതി അനുമതി നൽകിയത്. കോടതിയുടെ ഈ ചരിത്രപരമായ വിധിയിലൂടെ ഈ മാസം 22-ന് ഇരുവരും വിവാഹിതരാകും.

അയൽക്കാരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുള റാം (33) ആണ് വരൻ. ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട മഹാരാഷ്ട്ര സ്വദേശിനിയായ സീമ ഗഡ്സെയാണ് വധു. ജയിലിലെ കൃഷിപ്പണികൾക്കിടയിലാണ് ഇരുവരും പരിചയപ്പെടുന്നതും സംസാരിച്ചു തുടങ്ങുന്നതും. പിന്നീട് ഈ ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. തുടർന്ന് ഇരുവരും തങ്ങളുടെ ആഗ്രഹം അഭിഭാഷകരെ അറിയിക്കുകയും, വിവാഹത്തിനായി ശിക്ഷ താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുള റാം ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. നിലവിൽ സീമ 40 ദിവസത്തെ പരോളിൽ ജയിലിനു പുറത്താണ്.

ജയിലിലാണെങ്കിലും ഒരു പൗരന് ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള മൗലികാവകാശങ്ങൾ നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരസ്പ‌ര സമ്മതത്തോടെ പ്രായപൂർത്തിയായ രണ്ട് വ്യക്‌തികൾ വിവാഹം കഴിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഭാഗമാണെന്ന് ജസ്‌റ്റിസ് പുഷ്പേന്ദ്ര സിങ് ഭാട്ടി, ജസ്റ്റിസ് പ്രവീർ ഭട്‌നാഗർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജൂലൈ 15-നായിരുന്നു കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികളുടെ മാനസിക പരിവർത്തനത്തിനും പുനരധിവാസത്തിനും വിവാഹം സഹായിക്കുമെന്നും, ദമ്പതികൾക്ക് ഒരുമിച്ച് ഭാവി ആസൂത്രണം ചെയ്യാൻ ഇത് വഴിയൊരുക്കുമെന്നുമുള്ള വരന്റെ അഭിഭാഷകരായ കാലു റാം ഭാട്ടിയുടെയും ശ്രാവൺ സിങ് റാത്തോഡിന്റെയും വാദത്തെ സർക്കാർ അഭിഭാഷകനും അനുകൂലിച്ചു.

വിവാഹച്ചടങ്ങുകളുടെ മുഴുവൻ ചെലവുകളും വരനായ മുള റാം തന്നെയാണ് വഹിക്കുന്നത്. ചടങ്ങിൽ പുരോഹിതന് പുറമെ 21 പേർക്ക് പങ്കെടുക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്. പിതാവുമായി ശത്രുതയിലായിരുന്ന അയൽക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് മുള റാം ശിക്ഷിക്കപ്പെട്ടത്. 2017 ഫെബ്രുവരി മുതൽ കസ്‌റ്റഡിയിലുള്ള ഇയാൾക്ക് 2023 ഓഗസ്‌റ്റിലാണ് കോടതി ശിക്ഷ വിധിച്ചത്. വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസം പിന്നിട്ടപ്പോൾ, ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് സീമ ഗഡ്സെ ശിക്ഷിക്കപ്പെട്ടത്. 2016-ൽ നടന്ന കൊലപാതകത്തിൽ 2019-ലാണ് കോടതി ഇവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

Also read: