പീഡനക്കേസ് പ്രതി ആൾദൈവം ആശാറാം ബാപ്പുവിന് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ; അനുമതി നൽകി ഹൈക്കോടതി
ജോധ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആൾദൈവം ആശാറാം ബാപ്പുവിന് ജയിലിൽ ചില പ്രത്യേക സൗകര്യങ്ങൾ തുടരാൻ രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടു. ജോധ്പൂർ സെൻട്രൽ ജയിൽ അധികൃതർക്കാണ് കോടതി ഈ നിർദേശം നൽകിയിരിക്കുന്നത്. പുറത്തുനിന്നുള്ള ഭക്ഷണം, പ്രത്യേക കിടക്ക, കിടക്കവിരി എന്നിവ ഉപയോഗിക്കാൻ ആശാറാമിന് ഇതിലൂടെ അനുമതി ലഭിക്കും.
ജസ്റ്റിസ് സഞ്ജീവ് പ്രകാശിന്റെ സിവിൽ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ജയിലിനുള്ളിലായി എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം ഒരു തടവുകാരന്റെ മൗലികാവകാശങ്ങൾ ഇല്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ജയിലിൽ ആശാറാമിനെ സഹായിക്കാൻ രണ്ട് പേരുടെ സേവനം തുടരാനും കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ സ്വന്തം ഇഷ്ടപ്രകാരം സഹായികളെ നിയമിക്കണമെന്ന ആശാറാമിന്റെ ആവശ്യം കോടതി തള്ളി. അനുയോജ്യരായ സഹായികളെ തിരഞ്ഞെടുക്കാനുള്ള ചുമതല ജയിൽ ഭരണകൂടത്തിന് കോടതി വിട്ടുകൊടുത്തു. കൂടാതെ, സ്വകാര്യ ഡോക്ടർ സച്ചിത് ഭോലെയ്ക്ക് 15 ദിവസത്തിലൊരിക്കൽ ജയിലിനുള്ളിൽ എത്തി ആശാറാമിനെ പരിശോധിക്കാനും അനുമതിയുണ്ട്. മുൻപ് വിവിധ കോടതികൾ നൽകിയ മെഡിക്കൽ സൗകര്യങ്ങളും അനുമതികളും തുടരുമെന്നും കോടതി വ്യക്തമാക്കി.
ആശാറാമിന്റെ ജീവപര്യന്തം തടവുശിക്ഷ ശരിവെച്ച രാജസ്ഥാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നിർദേശം വന്നിരിക്കുന്നത്. ജയിൽ മതിലുകൾക്ക് പ്രതിയെ ഒതുക്കാൻ കഴിയുമെങ്കിലും, ഇരയായ പെൺകുട്ടി ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടി വരുന്ന മാനസികാഘാതം ഉൾക്കൊള്ളാൻ ഈ മതിലുകൾക്ക് കഴിയില്ലെന്ന് ഡിവിഷൻ ബെഞ്ച് മുൻപ് നിരീക്ഷിച്ചിരുന്നു. ഇതേത്തുടർന്ന് ആശാറാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കുകയും ഉടൻ കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വിധിയിൽ, സഹപ്രതികളായ ഹോസ്റ്റൽ വാർഡൻ ശിൽപി, ഗുരുകുലം ഡയറക്ടർ ശരത് ചന്ദ്ര എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.
2013 ഓഗസ്റ്റിൽ ജോധ്പൂരിലെ ആശ്രമത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് കേസ് ആരംഭിച്ചത്. 2018 ഏപ്രിലിൽ വിചാരണ കോടതി ആശാറാം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഹൈക്കോടതി വിധിക്ക് പിന്നാലെ ശിക്ഷയുടെ ബാക്കി ഭാഗം അനുഭവിക്കാൻ അദ്ദേഹം ജോധ്പൂർ സെൻട്രൽ ജയിലിലേക്ക് മടങ്ങുകയായിരുന്നു.