17/04/2026
[fontresizer_tawhidurrahmandear_widget]

‘അപകടത്തേക്കാൾ നോവിച്ചത് അയാളുടെ ക്രൂരത; നെഞ്ചിൽ പാടുകളുണ്ട്, ആ ട്രോമ മാറിയിട്ടില്ല’; സഹായിക്കാനെന്ന വ്യാജേനയെത്തി ഉപദ്രവിച്ചത് വ്യാപാരി നേതാവ്; വെളിപ്പെടുത്തലുമായി യുവതി

 ‘അപകടത്തേക്കാൾ നോവിച്ചത് അയാളുടെ ക്രൂരത; നെഞ്ചിൽ പാടുകളുണ്ട്, ആ ട്രോമ മാറിയിട്ടില്ല’; സഹായിക്കാനെന്ന വ്യാജേനയെത്തി ഉപദ്രവിച്ചത് വ്യാപാരി നേതാവ്; വെളിപ്പെടുത്തലുമായി യുവതി

കായംകുളം: അപകടത്തിൽപ്പെട്ട് റോഡിൽ ചോരവാർന്നു കിടന്ന തനിക്ക് നേരെ സഹായഹസ്തവുമായി എത്തിയവരിൽ നിന്നും ഇത്തരമൊരു ക്രൂരത പ്രതീക്ഷിച്ചില്ലെന്ന് കായംകുളത്ത് ലൈംഗികാതിക്രമത്തിന് ഇരയായ യുവതി. പരുക്കേറ്റതിനേക്കാൾ വലിയ വേദനയാണ് പ്രതിയായ സിനിൽ സവാദിന്റെ പ്രവർത്തിയിൽ നിന്നുണ്ടായതെന്നും ആ ട്രോമയിൽ നിന്ന് താൻ ഇപ്പോഴും മുക്തയായിട്ടില്ലെന്നും യുവതി വെളിപ്പെടുത്തി.

റോഡപകടത്തിന് പിന്നാലെ ശ്വാസംമുട്ടൽ അനുഭവപ്പെട്ട തന്നെ ഓട്ടോയിലേക്ക് കയറ്റാനെന്ന മട്ടിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സിനിൽ സവാദ് സമീപിച്ചത്. എന്നാൽ സഹായിക്കുന്നതിന് പകരം വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി അയാൾ ഉപദ്രവിക്കുകയായിരുന്നു. തന്റെ നെഞ്ചിൽ പാടുകൾ വരണമെങ്കിൽ എത്രമാത്രം രൂക്ഷമായാണ് അയാൾ പെരുമാറിയതെന്ന് ചിന്തിക്കാവുന്നതേയുള്ളൂ എന്ന് യുവതി പറയുന്നു. ആശുപത്രിയിലെത്തിച്ച ശേഷവും മദ്യലഹരിയിലായിരുന്ന പ്രതി തന്നെ ഭീഷണിപ്പെടുത്തുകയും പിന്നീട് പണം നൽകി കേസ് ഒതുക്കാൻ ശ്രമിക്കുകയും ചെയ്തു.

സംഭവം നടന്ന ദിവസം തന്നെ പൊലീസിൽ വിവരം അറിയിച്ചിട്ടും തുടക്കത്തിൽ അനുഭാവപൂർവ്വമായ നടപടിയുണ്ടായില്ലെന്ന് യുവതി കുറ്റപ്പെടുത്തി. സ്വാധീനമുള്ളവർ പ്രതികളായാൽ നീതി ലഭിക്കില്ലെന്ന അവസ്ഥയാണ്. വാർത്തകൾ വന്നതിന് പിന്നാലെയാണ് പൊലീസ് തന്നെ വീണ്ടും മൊഴിയെടുക്കാൻ വിളിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് നീതി നിഷേധമാണെന്നും യുവതി പറഞ്ഞു.

നിലവിൽ ചികിത്സയിലും കൗൺസിലിങ്ങിലുമാണ് യുവതി. “ഇനി എനിക്ക് കേരള പൊലീസിൽ ഒരാളിൽ മാത്രമേ പ്രതീക്ഷയുള്ളൂ, അത് ഡിഐജി അജിത ബീഗത്തിലാണ്. അവർ നീതി വാങ്ങിത്തരുമെന്ന് ഞാൻ വിശ്വസിക്കുന്നു,” യുവതി പറഞ്ഞു. സ്ത്രീസുരക്ഷയെക്കുറിച്ച് അഭിമാനം കൊള്ളുന്ന കേരളത്തിലാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായതെന്നത് ലജ്ജാകരമാണെന്നും അവർ കൂട്ടിച്ചേർത്തു.

Also read: