ബാധ ഒഴിപ്പിക്കലിനിടെ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം; മുരാരി തന്ത്രിക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
കൊല്ലം: ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വെണ്ടാർ സ്വദേശി രാജൻ ബാബു എന്ന മുരാരി തന്ത്രിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. നിലവിൽ ഒളിവിൽ കഴിയുന്ന ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടന്നതായാണ് വിവരം.
കൊല്ലം പുത്തൂരിൽ കഴിഞ്ഞ ദിവസമാണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. മകളുടെ ബാധ ഒഴിപ്പിക്കാനായി എത്തിയതായിരുന്നു പെൺകുട്ടിയും അമ്മയും. ഈ സമയം അമ്മയെ പുറത്തിരുത്തിയ ശേഷം പെൺകുട്ടിയെ തന്ത്രി മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. മുറിക്കുള്ളിൽ വെച്ച് ഇയാൾ പെൺകുട്ടിയെ കടന്നുപിടിക്കുകയും ലൈംഗികാതിക്രമത്തിന് മുതിരുകയും ചെയ്തു. ഭയന്നുപോയ പെൺകുട്ടി ഉറക്കെ നിലവിളിച്ച് പുറത്തേക്കോടി.
ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതി പിൻവാതിലിലൂടെ കടന്നുകളഞ്ഞു. സോഷ്യൽ മീഡിയയിൽ റീൽ വീഡിയോകളിലൂടെ സജീവമായ ഇയാൾക്ക് വലിയൊരു ഫോളോവേഴ്സ് തന്നെയുണ്ട്. ഇയാളുടെ ജനപ്രീതി മുതലെടുത്താണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിയിരുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രതി ഉടൻ പിടിയിലാകുമെന്നും ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകുന്നവരെ നിരീക്ഷിക്കുന്നുണ്ടെന്നും പുത്തൂർ പൊലീസ് അറിയിച്ചു.