ഉറങ്ങിക്കിടക്കുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് മരണംവരെ തടവുശിക്ഷ
കൊച്ചി: ആലുവയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിയായ ക്രിസ്ത്യൻ രാജിന്(36) നാലു ജീവപര്യന്തവും 35 വർഷം തടവ് ശിക്ഷയും 20,81,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ചെങ്കടൽ സ്വദേശിയായ ഇയാൾക്ക് അതിവേഗ പോക്‌സോ കോടതി ജഡ്ജി വി.സന്ദീപ് കൃഷ്ണയാണ് ശിക്ഷ വിധിച്ചത്.
2023 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവ എടയപ്പുറത്തെ വാടകവീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. എസ്പി വിവേക് കുമാറിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി ആയിരുന്ന എ. പ്രസാദ്, ഇൻസ്‌പെക്ടർ എം.എം മഞ്ജു ദാസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
പ്രതിക്ക് ലഭിച്ച തടവുശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയെങ്കിലും, മരണം വരെയുള്ള തടവ് എന്ന പ്രധാന ഉത്തരവുള്ളതിനാൽ പ്രതിക്ക് ഇനി ജയിലിന് പുറത്തിറങ്ങാനാകില്ല. കൂടാതെ, പിഴത്തുക ഈടാക്കാൻ കഴിഞ്ഞാൽ അത് ഇരയായ കുട്ടിക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ ക്രൂരതയും ശാസ്ത്രീയ തെളിവുകളും പരിഗണിച്ചാണ് കോടതി ഈ പരമാവധി ശിക്ഷ പ്രഖ്യാപിച്ചത്.