‘ഇറാന്‍ മിസൈലുകള്‍ നാളെ ഇന്ത്യയിലും എത്തിയേക്കാം, ഡല്‍ഹിയും മുംബൈയും ജാഗ്രതൈ’; ഹിസ്ബുല്ല ഭീഷണി അവസാനിക്കാതെ സമാധാനമില്ലെന്ന് ഇസ്രയേല്‍
ന്യൂഡല്‍ഹി: ഹിസ്ബുല്ലയുടെ ഭീകരഭീഷണി അവസാനിക്കാതെ മധ്യപൂര്‍വേഷ്യയില്‍ സമാധാനമില്ലെന്നും ലബനാനിലെ സൈനിക നടപടികള്‍ തുടരുമെന്നും ഇസ്രയേല്‍ ഉപവിദേശകാര്യ മന്ത്രി ഷാരന്‍ ഹാസ്‌കല്‍. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ നാളെ ഇന്ത്യയിലും എത്തിയേക്കാമെന്നും അതിനാല്‍ ന്യൂഡല്‍ഹിയും മുംബൈയും ജാഗ്രത പാലിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഹാസ്‌കല്‍ ഇസ്രയേലിന്റെ നിലപാട് വ്യക്തമാക്കിയത്.
അമേരിക്കയും ഇറാനും തമ്മില്‍ ജനീവയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടാനിരിക്കെയാണ് ഇസ്രയേലിന്റെ ഈ കടുത്ത നിലപാട്. ഇറാന്റെ ആണവപദ്ധതിയും ബാലിസ്റ്റിക് മിസൈല്‍ ശേഷിയുമാണ് ചര്‍ച്ചയാകുന്നത്. എന്നാല്‍, ഈ ആഴ്ച മാത്രം ഇസ്രയേലിന് നേരെ ഹിസ്ബുല്ല രണ്ട് തവണ ആക്രമണം നടത്തിയെന്നും പൗരന്മാരെ സംരക്ഷിക്കാന്‍ ഇസ്രയേലിന് ബാധ്യതയുണ്ടെന്നും ഹാസ്‌കല്‍ പറഞ്ഞു. ‘മുംബൈയോ ഡല്‍ഹിയോ ആക്രമിക്കപ്പെട്ടാല്‍ ഇന്ത്യ പ്രതികരിക്കില്ലേ’ എന്നും അവര്‍ ചോദിച്ചു. ഇറാന്റെ മിസൈലുകള്‍ക്ക് ലണ്ടനും യുഎസും കടന്ന് ന്യൂഡല്‍ഹിയിലും മുംബൈയിലും വരെ എത്താന്‍ ശേഷിയുണ്ടെന്നും അവർ അവകാശപ്പെട്ടു.
അതിനിടെ, ലബനാനിലെ തെക്കന്‍ മേഖലയില്‍ സുരക്ഷാ മേഖല നിലനിര്‍ത്തുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ ആക്രമണം നടത്തുമെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സും വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ ഇപ്പോഴും പൂര്‍ണ വിജയത്തിലെത്തിയിട്ടില്ല. അന്താരാഷ്ട്ര സംഘടനകള്‍ സമാധാനത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും ഹിസ്ബുല്ലയുടെ ആയുധപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ സ്ഥിരമായൊരു വെടിനിര്‍ത്തല്‍ ഉടനെങ്ങും യാഥാര്‍ഥ്യമാകാനിടയില്ലെന്നാണ് വിലയിരുത്തല്‍.