കേന്ദ്രമന്ത്രിയുടെ മകനെതിരേ പോക്സോ കേസ്; കുറ്റം തെളിഞ്ഞാൽ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്
ഭഗീരഥ് സായ്, ബണ്ടി സഞ്ജയ് കുമാർ
ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ഭഗീരഥ് സായ് പ്രതിയായ പോക്സോ കേസിൽ തെലങ്കാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. 17 വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നിർദേശപ്രകാരം അന്വേഷണം ഊർജിതമാക്കിയത്. നിലവിൽ പ്രതി ഒളിവിലാണെന്നും കുറ്റം സ്ഥിരീകരിച്ചാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിസിപി ഋതിരാജ് ഗെയ്‌ക്‌വാദ് അറിയിച്ചു. കേന്ദ്രമന്ത്രിയുടെ മകനായതിനാൽ പ്രതി രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കകൾക്കിടെയാണ് നടപടികൾ വേഗത്തിലാക്കുന്നത്.
ഭഗീരഥ് സായിയെ കണ്ടെത്താനായി ഫോൺ രേഖകൾ കേന്ദ്രീകരിച്ചും മറ്റും പൊലീസ് പരിശോധന തുടരുകയാണ്. അതിനിടെ, തനിക്കെതിരെ പണം തട്ടാൻ ശ്രമം നടന്നുവെന്നും ഹണിട്രാപ്പ് ആണിതെന്നുമാരോപിച്ച് പ്രതി കൗണ്ടർ പരാതി നൽകിയിട്ടുണ്ട്. പോക്സോ കേസിൽ അറസ്റ്റ് ഒഴിവാക്കാനായി ഭഗീരഥ് സായ് തെലങ്കാന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. മെയ് 14-ന് കോടതി ഈ ഹർജി പരിഗണിക്കാനിരിക്കുകയാണ്. കേസിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ ഇടപെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രിയുടെ മകൻ പ്രതിയായ കേസിൽ ഭരണകൂടം സ്വീകരിക്കുന്ന മൃദുസമീപനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.