05/09/2026
[fontresizer_tawhidurrahmandear_widget]

‘വിവാഹേതര ബന്ധം തെളിയിക്കാൻ ഭാര്യക്ക് ഫോൺ, ഹോട്ടൽ രേഖകൾ തേടാം’; ഭർത്താവിന് സ്വകാര്യതയുടെ പരിരക്ഷ ലഭിക്കില്ലെന്ന് സുപ്രീംകോടതി

 ‘വിവാഹേതര ബന്ധം തെളിയിക്കാൻ ഭാര്യക്ക് ഫോൺ, ഹോട്ടൽ രേഖകൾ തേടാം’; ഭർത്താവിന് സ്വകാര്യതയുടെ പരിരക്ഷ ലഭിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹേതര ബന്ധം ആരോപിക്കപ്പെടുന്ന കേസുകളിൽ ഭർത്താവിൻ്റെ ഫോൺ കോൾ രേഖകളും ഹോട്ടൽ ബുക്കിങ് വിവരങ്ങളും ഭാര്യക്ക് നിയമപരമായി തേടാമെന്ന് സുപ്രീംകോടതി. ഇത്തരം കേസുകളിൽ ഡിജിറ്റൽ രേഖകൾ പരിശോധിക്കുന്നത് തന്റെ വ്യക്തിപരമായ സ്വകാര്യതയുടെ ലംഘനമാണെന്ന ഭർത്താവിൻ്റെ വാദം കോടതി തള്ളി. ഈ വിഷയത്തിൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.

വിവാഹേതര ബന്ധം നിയമപ്രകാരം വിവാഹമോചനത്തിനുള്ള ഒരു കാരണമായി നിലനിൽക്കുന്നതിനാൽ, കുറ്റാരോപിതനായ ഭർത്താവിന് സ്വകാര്യതയ്ക്കുള്ള അവകാശത്തിൻ്റെ പേരിൽ നിയമപരിരക്ഷ നൽകാനാകില്ലെന്ന് കഴിഞ്ഞ മേയ് പത്തിന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സ്വകാര്യതയ്ക്കുള്ള അവകാശത്തിന് ഭരണഘടനാ സംരക്ഷണമുണ്ടെങ്കിലും അതൊരിക്കലും പരിപൂർണമല്ലെന്ന സുപ്രീംകോടതിയുടെ തന്നെ മുൻ വിധികൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. ഇതിനെതിരെ ഭർത്താവ് നൽകിയ അപ്പീലാണ് ജസ്റ്റിസുമാരായ മൻമോഹൻ, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഇപ്പോൾ തള്ളിയിരിക്കുന്നത്.

ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം ഹോട്ടലിൽ താമസിച്ചു എന്ന് തെളിയിക്കുന്നതിനായി ഹോട്ടൽ മുറി ബുക്ക് ചെയ്തതിന്റെയും പണമടച്ചതിന്റെയും തെളിവുകൾ നശിപ്പിക്കാതെ സൂക്ഷിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് 2022 ഡിസംബറിൽ കുടുംബക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഭർത്താവിന്റെ വിവാഹേതര ബന്ധം തെളിയിക്കാൻ ഈ രേഖകൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യ നൽകിയ ഹർജിയിലായിരുന്നു നടപടി. ഈ കുടുംബക്കോടതി ഉത്തരവിനെതിരെയാണ് ഭർത്താവ് മേൽക്കോടതികളെ സമീപിച്ചത്.

കേസിൽ ഹിന്ദു വിവാഹനിയമത്തിലെ വിവിധ വകുപ്പുകളും ധാർമിക വശങ്ങളും ചൂണ്ടിക്കാട്ടിയാണ് ഭാര്യ കോടതിയിൽ വാദിച്ചത്. എന്നാൽ, ഭാര്യയുടെ ഈ നീക്കം തന്റെ വ്യക്തിപരമായ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ഒറ്റ വാദത്തിൽ മാത്രമാണ് ഭർത്താവ് ഊന്നിയത്. ഈ വാദമാണ് ഒടുവിൽ സുപ്രീംകോടതിയും പൂർണ്ണമായി തള്ളിക്കളഞ്ഞത്.

Also read: