‘ചില്ലറയില്ലെങ്കിൽ ഇറങ്ങിക്കോ’; വേഷംമാറി പരിശോധനയ്ക്കെത്തിയ ഗതാഗത മന്ത്രിയെ ബസിൽ നിന്ന് ഇറക്കിവിട്ടു; ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ
ബെംഗളൂരു: പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രാക്ലേശം നേരിട്ടറിയാൻ മാസ്ക് ധരിച്ച് വേഷംമാറി യാത്ര ചെയ്ത കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിന് ദുരനുഭവം. ചില്ലറ പണമില്ലെന്ന കാരണത്താൽ മന്ത്രിയെ ബിഎംടിസി ബസിൽ നിന്നും കണ്ടക്ടർ ഇറക്കിവിട്ടു. ഇന്നലെ രാത്രിയായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. കൃത്യനിർവ്വഹണത്തിൽ വീഴ്ചവരുത്തിയ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പിന്നീട് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
പൊതുജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ വ്യക്തിത്വം വെളിപ്പെടുത്താതെ മുഖത്ത് മാസ്ക് ധരിച്ചാണ് മന്ത്രി പരിശോധനയ്ക്കിറങ്ങിയത്. ഹെബ്ബാളിൽ നിന്നും നാഗഷെട്ടി ഹള്ളിയിലേക്ക് പോകുന്ന ബിഎംടിസി ബസിൽ കയറിയ മന്ത്രി, രണ്ട് ടിക്കറ്റുകൾക്കായി 100 രൂപയുടെ നോട്ട് നൽകി. എന്നാൽ കൃത്യമായ ചില്ലറ നൽകണമെന്ന് കണ്ടക്ടർ നിർബന്ധം പിടിച്ചു. തന്റെ പക്കൽ ചില്ലറയില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ, “ചില്ലറയില്ലെങ്കിൽ ബസിൽ നിന്നും ഇറങ്ങിപ്പോകൂ” എന്ന് കണ്ടക്ടർ രൂക്ഷമായ ഭാഷയിൽ ആവശ്യപ്പെടുകയായിരുന്നു. മാസ്ക് ധരിച്ചിരുന്നതിനാൽ ജീവനക്കാർക്ക് മന്ത്രിയെ തിരിച്ചറിയാനായില്ല. തർക്കത്തിന് നിൽക്കാതെ മന്ത്രി ബസിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു.
ഇന്നലെ രാത്രി 7.10 മുതൽ 9.10 വരെയുള്ള സമയത്ത് ജയമഹൽ, ടിവി ടവർ, ആർ.ടി നഗർ, സിബിഐ റോഡ്, മാന്യത ടെക് പാർക്ക്, നാഗവാര, ഹെന്നൂർ, ഗെദ്ദലഹള്ളി തുടങ്ങിയ വിവിധ റൂട്ടുകളിലാണ് മന്ത്രി ബസ് മാർഗം യാത്രാനിലവാരം വിലയിരുത്തിയത്. യാത്രയ്ക്കിടയിൽ ഓട്ടോറിക്ഷയിലും മന്ത്രിക്ക് കബളിപ്പിക്കൽ നേരിടേണ്ടി വന്നു.