‘ഗസ്സയിൽ നിന്ന് ഇസ്രയേൽ പിന്മാറും, ഹമാസ് ആയുധം ഉപേക്ഷിക്കും’; 20 ഇന സമാധാന കരാർ പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടൺ: ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമായി നിർണായക സമാധാന കരാർ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹമാസ് പൂർണ്ണമായും നിരായുധരാകുന്നതിനും ഇതിന് പകരമായി ഗസ്സയിൽ നിന്ന് ഇസ്രയേൽ സൈന്യം ഘട്ടം ഘട്ടമായി പിന്മാറുന്നതിനുമാണ് പുതിയ ധാരണ ലക്ഷ്യമിടുന്നത്. ട്രംപ് മുൻകൈയെടുത്ത് തയ്യാറാക്കിയ 20 ഇന സമാധാന പദ്ധതി നടപ്പിലാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പായാണ് ഗാസ സമാധാന ചട്ടക്കൂട് യാഥാർത്ഥ്യമാക്കുന്ന ഈ കരാറിനെ വിലയിരുത്തുന്നത്.
ഒമ്പത് മാസങ്ങൾക്ക് മുൻപ് അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാർ ഒപ്പിട്ടിരുന്നെങ്കിലും ഇതിന്റെ രണ്ടാം ഘട്ട ചർച്ചകൾ വഴിമുട്ടി നിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനവുമായി ട്രംപ് രംഗത്തെത്തിയത്. ട്രംപ് അധ്യക്ഷനായ ‘ബോർഡ് ഓഫ് പീസ്’ എന്ന അന്താരാഷ്ട്ര സമിതി വഴിയാണ് നിരായുധീകരണത്തിനുള്ള പുതിയ കരാർ രൂപീകരിച്ചത്. ഹമാസും മറ്റ് സായുധ ഗ്രൂപ്പുകളും ആയുധങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കുന്നതിനനുസരിച്ചായിരിക്കും ഗസ്സയെ ഭീകരമുക്ത മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഇസ്രയേൽ സൈന്യത്തിന്റെ പിന്മാറ്റം നടപ്പിലാക്കുക.
കരാർ അംഗീകരിച്ച് 72 മണിക്കൂറിനുള്ളിൽ എല്ലാ ബന്ദികളെയും ഹമാസ് വിട്ടയക്കണമെന്ന വ്യവസ്ഥയും ഇതിലുണ്ട്. ഇതിന് പകരമായി 250 ജീവപര്യന്തം തടവുകാരെയും 2023 ഒക്ടോബർ ഏഴിന് ശേഷം തടവിലാക്കപ്പെട്ട 1700 ഫലസ്തീൻകാരെയും ഇസ്രയേൽ മോചിപ്പിക്കും. ആയുധം വെച്ച് കീഴടങ്ങുന്ന ഹമാസ് പ്രവർത്തകർക്ക് പൊതുമാപ്പ് നൽകുമെന്നും, ഗാസ വിട്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സുരക്ഷിതമായ സൗകര്യം ഒരുക്കുമെന്നും പദ്ധതിയിൽ വ്യക്തമാക്കുന്നുണ്ട്.
ഇസ്രയേലിന്റെ സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനൊപ്പം തന്നെ ഗസ്സയിൽ പുതിയ ഫലസ്‌തീൻ ഭരണകൂടം രൂപീകരിക്കപ്പെടാനും ഈ കരാർ വഴിയൊരുക്കും. ഗസ്സയുടെ ദൈനംദിന ഭരണ ചുമതല രാഷ്ട്രീയത്തിന് അതീതമായ ഒരു ഫലസ്‌തീൻ കമ്മിറ്റിക്കായിരിക്കും നൽകുക. ഇവരുടെ പ്രവർത്തനങ്ങൾ ബോർഡ് ഓഫ് പീസ് സമിതി നിരീക്ഷിക്കും. കൂടാതെ, ഗസ്സയിൽ ക്രമസമാധാനം ഉറപ്പാക്കാൻ ഒരു അന്താരാഷ്ട്ര സ്ഥിരതാ സേനയെ നിയോഗിക്കുമെന്നും ഇവർ ഫലസ്തീൻ പോലീസ് സേനയ്ക്ക് പരിശീലനം നൽകുമെന്നും വ്യവസ്ഥയുണ്ട്. ഇസ്രയേൽ ഗസ്സ പിടിച്ചെടുക്കുകയോ തങ്ങളോട് കൂട്ടിച്ചേർക്കുകയോ ചെയ്യില്ലെന്നും ഈ സമാധാന പദ്ധതി ഉറപ്പ് നൽകുന്നുണ്ട്.
യുദ്ധത്തിൽ തകർന്ന ഗസ്സയുടെ പുനർനിർമ്മാണത്തിനായി വലിയ തോതിലുള്ള നിക്ഷേപങ്ങൾ കൊണ്ടുവരുമെന്ന് ഡൊണാൾഡ് ട്രംപ് വാഗ്ദാനം ചെയ്യുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ഇതിനുപുറമെ, മാനുഷിക സഹായങ്ങൾ യാതൊരു തടസ്സവുമില്ലാതെ ഗസ്സയിൽ എത്തിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും പുതിയ കരാറിൽ വ്യക്തമാക്കുന്നു.