‘മന്ത്രവാദത്തിനായി മുടി പറിച്ചെടുത്തു, നിർബന്ധിച്ച് ഗോമൂത്രം കുടിപ്പിച്ചു’; മുൻ ശിവസേന എംപിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി മരുമകൾ
മുംബൈ: മുൻ എംപിയും ശിവസേന (ഉദ്ധവ് താക്കറെ പക്ഷം) നേതാവുമായ വിനായക് റാവുത്തിനും കുടുംബത്തിനുമെതിരെ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളുമായി മരുമകൾ ഗിരിജ റാവുത്ത്. ഭർതൃഗൃഹത്തിൽ വെച്ച് തന്നെ നിർബന്ധിച്ച് ഗോമൂത്രം കുടിപ്പിച്ചുവെന്നും, മന്ത്രവാദ ചടങ്ങുകൾക്കായി തന്റെ മുടി പറിച്ചെടുത്തുവെന്നുമാണ് ഗിരിജയുടെ പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്ധവിശ്വാസ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിനായക് റാവുത്ത്, ഗിരിജയുടെ ഭർത്താവ് ഗിതേഷ് റാവുത്ത് എന്നിവർക്ക് പുറമെ ആൾദൈവങ്ങളായ ഫിറോസ് ബാബ, കാസി ബാബ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വിവാഹത്തിന് ശേഷം ഭർതൃവീട്ടുകാരിൽ നിന്നും തനിക്ക് കടുത്ത ശാരീരിക-മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നതായി പരാതിയിൽ പറയുന്നു. ഇതിന് പുറമെ ആൾദൈവങ്ങളെ സന്ദർശിക്കാൻ ഇവർ തന്നെ നിരന്തരം നിർബന്ധിച്ചിരുന്നതായും ഗിരിജ ആരോപിക്കുന്നുണ്ട്.
അതേസമയം, മരുമകൾ ഉന്നയിച്ച ആരോപണങ്ങളെല്ലാം വിനായക് റാവുത്ത് പൂർണ്ണമായി തള്ളിക്കളഞ്ഞു. മകനുമായുള്ള ദാമ്പത്യ തർക്കങ്ങളാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് പിന്നിലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. 2008-നും 2022-നും ഇടയിലുള്ള കാലയളവിലാണ് പീഡനങ്ങൾ നടന്നതെന്ന് പറയുന്ന യുവതി, ഇക്കാലയളവിൽ യാതൊരു പരാതിയും ഉന്നയിച്ചിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവാഹമോചനവുമായി ബന്ധപ്പെട്ട ജീവനാംശ നടപടികൾ ആരംഭിച്ചതിന് ശേഷമാണ് ഇത്തരം ആരോപണങ്ങളുമായി അവർ രംഗത്തുവന്നത്. 5 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റും പ്രതിമാസം 2 ലക്ഷം രൂപ ജീവനാംശവുമാണ് ഗിരിജ ആവശ്യപ്പെട്ടതെന്നും, എന്നാൽ കുടുംബം ഈ ആവശ്യം നിരസിച്ചതോടെയാണ് അവർ വ്യാജ പരാതി നൽകിയതെന്നും വിനായക് റാവുത്ത് കൂട്ടിച്ചേർത്തു.