അബദ്ധത്തിൽ പോലും അടുത്തേക്ക് പോകരുത്: ഇവരാണ് ഇന്ത്യയിലെ ഏറ്റവും അപകടകാരികളായ 10 പാമ്പുകൾ
വനമേഖലകൾ മുതൽ കൃഷിയിടങ്ങൾ വരെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളുള്ള ഇന്ത്യയിൽ നിരവധി വിഷപ്പാമ്പുകളുണ്ട്. പാമ്പുകടിയേറ്റുള്ള അപകടങ്ങൾ, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ, രാജ്യത്ത് വലിയൊരു പൊതുജനാരോഗ്യ പ്രശ്നമായി തുടരുന്നു.
എങ്കിലും ഭൂരിഭാഗം പാമ്പുകളും ആക്രമണകാരികളല്ല. കൃഷിനാശം വരുത്തുന്ന കീടങ്ങളെ നിയന്ത്രിച്ച് പരിസ്ഥിതി സന്തുലനം നിലനിർത്തുന്നതിൽ ഇവ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അപകടനില ഉയർന്ന പാമ്പുകളെ തിരിച്ചറിയുന്നതും കൃത്യസമയത്ത് വൈദ്യസഹായം ഉറപ്പാക്കുന്നതും അപകടസാധ്യത കുറയ്ക്കും. ജാഗ്രത പാലിക്കേണ്ട ഇന്ത്യയിലെ പ്രധാന 10 വിഷപ്പാമ്പുകൾ ഇവയാണ്:
- മൂർഖൻ: ‘ബിഗ് ഫോർ’ പാമ്പുകളിൽ ഒന്നാണിത്. വിടർത്തിയ പടമാണ് പ്രധാന അടയാളം. നാഡീവ്യൂഹത്തെ ബാധിക്കുന്ന ഇതിന്റെ വിഷം പക്ഷാഘാതത്തിനും ശ്വാസതടസ്സത്തിനും കാരണമായേക്കാം.
- വെള്ളിക്കെട്ടൻ: മനുഷ്യവാസ കേന്ദ്രങ്ങൾക്ക് സമീപം കാണപ്പെടുന്ന ഇവ രാത്രികാലങ്ങളിലാണ് കൂടുതലായി കടിക്കുന്നത്. കടിയേറ്റാൽ വേദന അനുഭവപ്പെടില്ലെങ്കിലും ഇതിന്റെ വിഷം അത്യന്തം അപകടകരമാണ്.
- അണലി: ആക്രമണകാരിയായ ഈ പാമ്പിന്റെ കടിയേറ്റാൽ രക്തസ്രാവം, കോശങ്ങൾക്ക് ഗുരുതര തകരാറ്, വൃക്കസ്തംഭനം എന്നിവ സംഭവിക്കാം.
- ചുരുട്ട മണ്ഡലി: വലിപ്പത്തിൽ ചെറുതാണെങ്കിലും അപകടനികാരിയാണ്. ശരീരത്തിലെ ശൽക്കങ്ങൾ ഉരസി ശബ്ദമുണ്ടാക്കുന്ന ഇവയുടെ വിഷം രക്തം കട്ടപിടിക്കുന്നത് തടയുന്നു.
- രാജവെമ്പാല: ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പാണിത്. ഒരൊറ്റ കടിയിൽ വലിയ അളവിൽ നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷം കുത്തിവെക്കാൻ ഇവയ്ക്കാകും. എന്നാൽ പ്രകോപനമുണ്ടാക്കാതെ ഇവ മനുഷ്യരെ ആക്രമിക്കാറില്ല.
- മഞ്ഞവരയൻ വെള്ളിക്കെട്ടൻ: തണ്ണീർത്തടങ്ങളിലും വനമേഖലകളിലും കാണപ്പെടുന്ന ഇവ സാധാരണ വെള്ളിക്കെട്ടനേക്കാൾ ശാന്ത സ്വഭാവക്കാരാണെങ്കിലും കഠിനമായ വിഷമുള്ളവയാണ്.
- ചാട്ടതലയൻ/മുഴമൂക്കൻ അണലി: ദക്ഷിണേന്ത്യയിൽ സാധാരണയായി കാണപ്പെടുന്നു. ഇവയുടെ കടിയേറ്റാൽ കോശങ്ങൾക്ക് ഗുരുതരമായ തകരാറുണ്ടാകാം.
- ചോലമണ്ഡലി: പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഇവയുടെ കടിയേറ്റാൽ കഠിനമായ വേദനയും രക്തസ്രാവവും ഉണ്ടാകും. കൃത്യസമയത്ത് ചികിത്സ ലഭിച്ചാൽ മരണം ഒഴിവാക്കാം.
- ഇന്ത്യൻ കോറൽ സ്നേക്: ഒഴിഞ്ഞുമാറി ജീവിക്കുന്ന സ്വഭാവമുള്ളതിനാൽ ഇവയുടെ കടിയേൽക്കുന്ന സംഭവങ്ങൾ അപൂർവ്വമാണ്. എങ്കിലും കടിയേറ്റാൽ സ്ഥിതി ഗുരുതരമാകാം.
- ആൻഡമാൻ കോബ്ര: ആന്തമാൻ ദ്വീപുകളിൽ മാത്രം കാണപ്പെടുന്ന ഒരിനം മൂർഖനാണിത്. ഇവയെക്കുറിച്ചുള്ള പഠനങ്ങൾ കുറവാണെന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.