02/09/2026
[fontresizer_tawhidurrahmandear_widget]

‘ചരിത്രം ആവർത്തിക്കുമോ’?; അണ്ടർ 19 ഇന്ത്യൻ ടീമിൽ ഇടംപിടിച്ച് സെവാഗിന്റെയും ദ്രാവിഡിന്റെയും മക്കൾ

 ‘ചരിത്രം ആവർത്തിക്കുമോ’?; അണ്ടർ 19 ഇന്ത്യൻ ടീമിൽ ഇടംപിടിച്ച് സെവാഗിന്റെയും ദ്രാവിഡിന്റെയും മക്കൾ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന തീരുമാനവുമായി ബി.സി.സി.ഐ. ഇതിഹാസ താരങ്ങളായ വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഇന്ത്യൻ ജേഴ്സിയിൽ ഒരുമിച്ച് കളിക്കാൻ ഒരുങ്ങുന്നു. ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് ആര്യവീർ സെവാഗും അൻവയ് ദ്രാവിഡും ഇടംപിടിച്ചത്.

സെപ്റ്റംബർ 18-നാണ് ഓസ്ട്രേലിയൻ യുവനിരയുമായുള്ള ഇന്ത്യയുടെ പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളും രണ്ട് മൾട്ടി-ഡേ മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. മൂന്ന് ഏകദിന മത്സരങ്ങൾക്കും ആദ്യ മൾട്ടി-ഡേ മത്സരത്തിനും രാജ്കോട്ട് വേദിയാകുമ്പോൾ, രണ്ടാമത്തെ മൾട്ടി-ഡേ മത്സരം അഹമ്മദാബാദിൽ നടക്കും.

പതിനെട്ടുകാരനായ ആര്യവീർ സെവാഗിന്റെ ഇന്ത്യൻ ടീമിലേക്കുള്ള കന്നി പ്രവേശനമാണിത്. 2024-ലെ കൂച്ച് ബെഹാർ ട്രോഫിയിൽ ഡൽഹിക്കായി മേഘാലയയ്‌ക്കെതിരെ 309 പന്തിൽ നിന്ന് 297 റൺസ് അടിച്ചുകൂട്ടിയ ആര്യവീർ, 2025 സീസണിൽ 496 റൺസും അക്കൗണ്ടിലാക്കിയിരുന്നു. മറുവശത്ത്, ശ്രീലങ്കൻ പര്യടനത്തിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ് വിക്കറ്റ് കീപ്പർ ബാറ്ററായ അൻവയ് ദ്രാവിഡ് ടീമിൽ സ്ഥാനം നിലനിർത്തിയത്. ശ്രീലങ്കക്കെതിരായ യൂത്ത് ഏകദിനത്തിൽ വെറും 67 പന്തിൽ നിന്ന് താരം 87 റൺസ് അടിച്ചെടുത്തിരുന്നു.

ഏകദിന പരമ്പരയിൽ ലക്ഷ്യ റായ്‌ചന്ദാനിയാണ് ഇന്ത്യൻ ടീമിനെ നയിക്കുക; യശ്ബർധൻ ചൗഹാൻ വൈസ് ക്യാപ്റ്റനാകും. എന്നാൽ മൾട്ടി-ഡേ മത്സരങ്ങളിൽ യശ്‌ബർധൻ ക്യാപ്റ്റനായും ലക്ഷ്യ വൈസ് ക്യാപ്റ്റനായും ചുമതലയേൽക്കും. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ മാനവ് കൃഷ്‌ണനും ഇന്ത്യൻ അണ്ടർ 19 ടീമിൽ ഇടംനേടിയിട്ടുണ്ട് എന്നത് കേരളത്തിനും അഭിമാനകരമാണ്.

Also read: