കോണ്‍ഗ്രസ്-സിപിഎം ഒന്നിച്ചു; അവിശ്വാസ പ്രമേയം പാസായതോടെ ചേന്നം പള്ളിപ്പുറം പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ കോൺഗ്രസ് (യു.ഡി.എഫ്) കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ബിജെപി ഭരണസമിതി താഴെ വീണത്. കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് സിപിഎം (എൽ.ഡി.എഫ്) അംഗങ്ങൾ കൂടി പിന്തുണ നൽകിയതോടെയാണ് ബിജെപിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടത്.
ആകെ 19 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയിൽ ബിജെപിക്കും കോൺഗ്രസിനും ഏഴ് വീതം അംഗങ്ങളാണുള്ളത്. അവശേഷിക്കുന്ന അഞ്ച് സീറ്റുകൾ സിപിഎമ്മിനുമാണ്. നേരത്തെ തെരഞ്ഞെടുപ്പിന് ശേഷം സീറ്റുകളിൽ തുല്യനില വന്നതിനെ തുടർന്ന് നടന്ന നറുക്കെടുപ്പിലൂടെയായിരുന്നു ബിജെപി ഇവിടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ സ്വന്തമാക്കി ഭരണത്തിലേറിയത്.
എന്നാൽ അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസും സിപിഎമ്മും ഒന്നിച്ചതോടെ നറുക്കെടുപ്പിലൂടെ ലഭിച്ച ഈ ഭരണം ബിജെപിക്ക് നഷ്ടമാവുകയായിരുന്നു.