കാനഡ സ്വപ്നം കാണുന്നവർ ജാഗ്രതൈ! നാടുകടത്തപ്പെട്ടവരിൽ ഇന്ത്യക്കാർ ഒന്നാമത്; ആറുമാസത്തിനിടെ മടക്കി അയച്ചത് 3,323 പേരെ
ടൊറൻ്റോ: കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഈ വർഷം ആദ്യത്തെ ആറുമാസത്തിനിടെ കാനഡ നാടുകടത്തിയത് 3,323 ഇന്ത്യക്കാരെ. കാനഡ ബോർഡർ സർവീസസ് ഏജൻസി (സി.ബി.എസ്.എ) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, 2026 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ കാനഡയിൽ നിന്ന് ഏറ്റവും കൂടുതൽ നാടുകടത്തപ്പെട്ടത് ഇന്ത്യക്കാരാണ്.
2025-ൽ ആകെ നാടുകടത്തപ്പെട്ട 3,779 ഇന്ത്യക്കാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ, ഈ വർഷത്തെ ആദ്യ പകുതിയിലെ കണക്ക് അതിൻ്റെ 88 ശതമാനത്തോളം വരും. പട്ടികയിൽ 1,573 പേരുമായി മെക്സിക്കോയാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുള്ളത്. കഴിഞ്ഞ അഞ്ചു വർഷമായി മെക്സിക്കോക്കാരായിരുന്നു നാടുകടത്തപ്പെടുന്നവരിൽ ഒന്നാം സ്ഥാനത്തും ഇന്ത്യക്കാർ രണ്ടാം സ്ഥാനത്തുമുണ്ടായിരുന്നത്. എന്നാൽ ഈ വർഷം ഇന്ത്യ ഒന്നാമതെത്തുകയായിരുന്നു. വിദേശ വിദ്യാർത്ഥികൾക്കും താൽക്കാലിക തൊഴിലാളികൾക്കും ഉൾപ്പെടെ രാജ്യത്തെ താമസക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി കാനഡ കുടിയേറ്റ സംവിധാനം കർശനമാക്കിയ സാഹചര്യത്തിലാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത്.
വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുക, കുടിയേറ്റ നിയമങ്ങൾ ലംഘിക്കുക, വിസ തട്ടിപ്പുകൾ നടത്തുക, അഭയാർത്ഥി അപേക്ഷകൾ നിരസിക്കപ്പെടുക തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കാനഡ പ്രധാനമായും ഇന്ത്യക്കാരെ നാടുകടത്തുന്നത്.