350 കോടിയുടെ സ്വർണ നിക്ഷേപ തട്ടിപ്പ്; ഒമ്പത് ജ്വല്ലറികൾ പൂട്ടി ഉടമകളായ സഹോദരങ്ങൾ മുങ്ങിയതായി പരാതി
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും വൻ സ്വർണ നിക്ഷേപ തട്ടിപ്പ്. വിവിധ ജില്ലകളിലായി ഒമ്പത് ജ്വല്ലറികൾ ആരംഭിച്ച് നിക്ഷേപകരിൽ നിന്ന് 350 കോടിയോളം രൂപ സമാഹരിച്ച ശേഷം ഉടമകളായ സഹോദരങ്ങൾ മുങ്ങിയതായി പരാതി.
തൃശൂർ പുതുക്കാട് സ്വദേശികളായ ഇവർക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുപത്തഞ്ചിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പിനിരയായ വിവിധ ജില്ലകളിൽ നിന്നുള്ള നിക്ഷേപകർ സംയുക്തമായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് തങ്ങളുടെ പണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.
എറണാകുളം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സ്പർശ ഗോൾഡ് ആന്റ് ഡയമണ്ട്സ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. ആകർഷകമായ വാഗ്ദാനങ്ങൾ നൽകിയാണ് ഇവർ ആളുകളിൽ നിന്ന് പണം തട്ടിയത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 202 ദിവസത്തേക്ക് പ്രതിദിനം 900 രൂപ വീതം അക്കൗണ്ടിൽ നൽകുമെന്നായിരുന്നു പ്രധാന വാഗ്ദാനം. 2023-ൽ തുടങ്ങിയ ഈ പദ്ധതിയിൽ ആദ്യകാലങ്ങളിൽ കൃത്യമായി പണം ലഭിച്ചിരുന്നെങ്കിലും പിന്നീട് ഇത് നിലയ്ക്കുകയായിരുന്നു.
ഇതിനുപുറമെ പത്ത് പേരിൽ നിന്ന് പത്ത് ലക്ഷം രൂപ വീതം സമാഹരിച്ച് പുതിയ ജ്വല്ലറി തുടങ്ങുകയും, അതിന്റെ ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് കൺസോർഷ്യം രൂപീകരിച്ചും ഇവർ കോടികൾ തട്ടിയെടുത്തു. ഒടുവിൽ 2025-ഓടെ ജ്വല്ലറികൾ എല്ലാം പൂട്ടി ഉടമകൾ മുങ്ങുകയായിരുന്നുവെന്ന് നിക്ഷേപകരായ തൃശൂർ സ്വദേശി വി.എസ്. അഷ്റഫ്, കോഴിക്കോട് സ്വദേശികളായ പി.എം. സുനിൽകുമാർ, വി.കെ. റംല, കെ. ഷൈജു എന്നിവർ പറഞ്ഞു.
ജ്വല്ലറി ഉടമകളായ രാകേഷ് രവീന്ദ്രൻ, രജീഷ് രാജൻ എന്നിവർക്കൊപ്പം നിക്ഷേപം സ്വീകരിക്കുന്നതിന് ഇടനിലയക്കാരായി പ്രവർത്തിച്ച ഏജൻ്റുമാർ അടക്കമുള്ളവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ജ്വല്ലറി ബിസിനസ് അവസാനിപ്പിച്ച് മുങ്ങിയ ഈ സഹോദരങ്ങൾ ഇപ്പോൾ ടൂറിസം പദ്ധതിയുടെ മറവിൽ തൃശൂർ കേന്ദ്രീകരിച്ച് പുതിയ തട്ടിപ്പിന് കോപ്പുകൂട്ടുന്നതായും നിക്ഷേപകർ ആരോപിക്കുന്നുണ്ട്.
തട്ടിപ്പിന്റെ വിവരങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ നിലവിൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നഷ്ടപ്പെട്ട തങ്ങളുടെ പണം തിരികെ ലഭിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തരവും കർശനവുമായ നിയമനടപടികൾ വേണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.