09/08/2026
[fontresizer_tawhidurrahmandear_widget]

‘ചീഫ് ജസ്റ്റിസിൽ നിന്ന് ബിരുദം വാങ്ങില്ല’; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ബിരുദദാന ചടങ്ങിലേക്ക് ക്ഷണിച്ചതിനെതിരെ നിയമ വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ

 ‘ചീഫ് ജസ്റ്റിസിൽ നിന്ന് ബിരുദം വാങ്ങില്ല’; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ബിരുദദാന ചടങ്ങിലേക്ക് ക്ഷണിച്ചതിനെതിരെ നിയമ വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ

ന്യൂഡൽഹി: ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് (നൽസാർ) സർവകലാശാലയിലെ ബിരുദദാനച്ചടങ്ങിലേക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധം. 2026 ബാച്ചിലെ ഒരു കൂട്ടം വിദ്യാർത്ഥികളാണ് സർവകലാശാലയുടെ തീരുമാനത്തിനെതിരെ കടുത്ത വിയോജിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ചീഫ് ജസ്റ്റിസിന്റെ കൈകളിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാൻ തങ്ങൾക്ക് താത്പര്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് വിദ്യാർത്ഥികൾ സർവകലാശാലാ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും അധ്യാപകർക്കും കത്തയച്ചു. മുഖ്യാതിഥിയായുള്ള അദ്ദേഹത്തിന്റെ ക്ഷണം അടിയന്തരമായി പുനഃപരിശോധിക്കണമെന്നാണ് വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം.

അക്കാദമിക സ്വാതന്ത്ര്യം, ഭരണഘടനാപരമായ ഉത്തരവാദിത്തം, യുവാക്കളോടുള്ള സഹാനുഭൂതി എന്നിവയ്ക്ക് നിരക്കാത്ത തരത്തിലുള്ള ചീഫ് ജസ്റ്റിസിന്റെ സമീപകാല പരാമർശങ്ങളും നിരീക്ഷണങ്ങളുമാണ് വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് കാരണമായത്. വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകളും, പോലീസ് അതിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ തനിക്ക് സമയമില്ലെന്ന് വ്യക്തമാക്കിയ നിലപാടും വിദ്യാർത്ഥികൾക്കിടയിൽ വലിയ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്.

ഇത്തരം പരാമർശങ്ങൾ വിദ്യാർത്ഥികളോടും യുവാക്കളോടുമുള്ള തികഞ്ഞ അവഗണനയാണെന്ന് അവർ കത്തിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ, വിദ്യാർത്ഥികളുടെ വ്യക്തിപരവും അക്കാദമികവുമായ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള ബിരുദദാനച്ചടങ്ങിൽ അദ്ദേഹത്തെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നത് തികച്ചും അനുചിതമാണെന്നാണ് ഇവർ വ്യക്തമാക്കുന്നത്.

ചീഫ് ജസ്റ്റിസിനെ ക്ഷണിച്ച തീരുമാനം അധികൃതർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നതിനൊപ്പം, ഇതൊരു ചെറിയ വിഭാഗം വിദ്യാർത്ഥികളുടെ മാത്രം അഭിപ്രായമായി തള്ളിക്കളയരുതെന്നും അവർ ആവശ്യപ്പെടുന്നു. ഒരു പ്രമുഖ നിയമ സർവകലാശാല എന്ന നിലയിൽ നൽസാർ എക്കാലത്തും ഉയർത്തിപ്പിടിക്കേണ്ട തത്ത്വങ്ങളുമായും മൂല്യങ്ങളുമായും ബന്ധപ്പെട്ട ഒരു പൊതുവിഷയമായി ഇതിനെ പരിഗണിക്കണമെന്നാണ് വിദ്യാർത്ഥികൾ കത്തിൽ അഭ്യർത്ഥിച്ചിരിക്കുന്നത്. നിയമ-അക്കാദമിക രംഗങ്ങളിൽ ഈ വിഷയം ഇതിനകം വലിയ ചർച്ചയായി മാറിയിട്ടുണ്ടെങ്കിലും, പ്രതിഷേധത്തോട് നൽസാർ സർവകലാശാല അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Also read: