04/09/2026
[fontresizer_tawhidurrahmandear_widget]

‘അദാനിക്കെതിരായ വാർത്ത പങ്കുവച്ചു’; മലയാളി മാധ്യമപ്രവർത്തകൻ രവി നായരെ വേട്ടയാടി ഗുജറാത്ത് പോലീസ്, ഡൽഹിയിലെയും കേരളത്തിലെയും വീടുകളിൽ വ്യാപക റെയ്ഡ്

 ‘അദാനിക്കെതിരായ വാർത്ത പങ്കുവച്ചു’; മലയാളി മാധ്യമപ്രവർത്തകൻ രവി നായരെ വേട്ടയാടി ഗുജറാത്ത് പോലീസ്, ഡൽഹിയിലെയും കേരളത്തിലെയും വീടുകളിൽ വ്യാപക റെയ്ഡ്

ന്യൂഡൽഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന്റെ പേരിൽ മലയാളി സ്വതന്ത്ര മാധ്യമപ്രവർത്തകൻ രവി നായരുടെ കേരളത്തിലെയും ഡൽഹിയിലെയും വീടുകളിൽ ഗുജറാത്ത് പോലീസ് ഒരേസമയം വ്യാപക പരിശോധന നടത്തി. ഓഗസ്റ്റ് 17-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആരംഭിച്ച പരിശോധന നാല് മണിക്കൂറോളം നീണ്ടുനിന്നു. ‘ദി വാഷിങ്ടൺ പോസ്റ്റ്’ പുറത്തുവിട്ട അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട അന്വേഷണാത്മക റിപ്പോർട്ട് എക്സിൽ പങ്കുവെച്ചതിനെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. പരിശോധനയ്ക്കൊടുവിൽ രവി നായരുടെയും അദ്ദേഹത്തിന്റെ മകന്റെയും സഹപ്രവർത്തകയുടെയും ഇലക്ട്രോണിക് ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തു.

2025 ഒക്ടോബറിലാണ് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട അന്വേഷണാത്മക റിപ്പോർട്ട് വാഷിംഗ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. രവി നായർ ഉൾപ്പെടെയുള്ളവരായിരുന്നു ഈ റിപ്പോർട്ട് തയ്യാറാക്കിയത്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എൽ.ഐ.സി) നിന്ന് അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലേക്ക് 3.9 ബില്യൺ ഡോളറിന്റെ (ഏകദേശം 32,000 കോടിയിലധികം രൂപ) നിക്ഷേപം നടത്താൻ ഉദ്യോഗസ്ഥർ വഴിവിട്ട ഇടപെടലുകൾ നടത്തി എന്നതായിരുന്നു റിപ്പോർട്ടിലെ പ്രധാന വെളിപ്പെടുത്തൽ. എൽ.ഐ.സിയിൽ നിന്നും ധനകാര്യ മന്ത്രാലയത്തിൽ നിന്നുമുള്ള ആഭ്യന്തര രേഖകൾ, ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങൾ, അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ധാരണയുള്ള ബാങ്കർമാരുടെ മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കപ്പെട്ടത്.

ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട് രവി നായർ പങ്കുവെച്ച പോസ്റ്റിനെതിരെ അഹമ്മദാബാദിലെ അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിലെ ഒരു ജീവനക്കാരൻ ഏപ്രിൽ 22-ന് മാനനഷ്ടക്കേസ് നൽകുകയായിരുന്നു. തുടർന്ന് ഇതേ ജീവനക്കാരൻ നൽകിയ രണ്ടാമത്തെ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, രേഖകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തി ഗുജറാത്ത് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രവി നായർ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഓഗസ്റ്റ് 11-ന് കോടതി ഹർജി തള്ളി. വാഷിംഗ്ടൺ പോസ്റ്റിലെ വാർത്തയ്ക്ക് അടിസ്ഥാനമായ രേഖകൾ യഥാർത്ഥമാണോ എന്ന് അന്വേഷണ ഏജൻസി കണ്ടെത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു കോടതിയുടെ നടപടി. ഇതിന് പിന്നാലെയാണ് പോലീസ് റെയ്ഡിലേക്ക് കടന്നത്.

അഹമ്മദാബാദിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നുള്ള പ്രത്യേക വാറണ്ടുമായാണ് പോലീസ് സംഘം എത്തിയത്. റെയ്ഡ് നടക്കുന്ന സമയത്ത് രവി നായർ കേരളത്തിലായിരുന്നു. കേരളത്തിലെ വീട്ടിൽ നിന്ന് അദ്ദേഹത്തിന്റെ പഴയതും ഉപയോഗിക്കാത്തതുമായ രണ്ട് മൊബൈൽ ഫോണുകളും പെൻഡ്രൈവുകളും പോലീസ് പിടിച്ചെടുത്തു. ഡൽഹിയിലെ വീട്ടിൽ നിന്ന് രവി നായരുടെ മകന്റെ ലാപ്ടോപ്പും, അവിടെയുണ്ടായിരുന്ന സഹപ്രവർത്തക സചി ഹെഗ്‌ഡെയുടെ ലാപ്ടോപ്പും ഐപാഡുമാണ് കസ്റ്റഡിയിലെടുത്തത്. മകനോ സഹപ്രവർത്തകയോ ഈ കേസിൽ പ്രതികളല്ല എന്നിരിക്കെയാണ് ഇവരുടെ ഉപകരണങ്ങൾ പിടിച്ചെടുത്തത്. ഇതിനുപുറമെ, പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഹാഷ് വാല്യൂ നൽകാൻ രണ്ട് സ്ഥലങ്ങളിലും പോലീസ് തയ്യാറായില്ല. ഉപകരണങ്ങളിലെ ഡാറ്റ പിന്നീട് മാറ്റപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്താൻ ഹാഷ് വാല്യൂ നൽകണമെന്ന 2023-ലെ സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനമാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Also read: