04/09/2026
[fontresizer_tawhidurrahmandear_widget]

അഞ്ചാം ക്ലാസിലെ തോൽവിയിൽ നിന്ന് യു.പി.എസ്.സി റാങ്കിലേക്ക്; പ്രചോദനമായി ഐ.എ.എസ് ഓഫീസർ നേഹ ബയാദ്‌വാൾ

 അഞ്ചാം ക്ലാസിലെ തോൽവിയിൽ നിന്ന് യു.പി.എസ്.സി റാങ്കിലേക്ക്; പ്രചോദനമായി ഐ.എ.എസ് ഓഫീസർ നേഹ ബയാദ്‌വാൾ

നേഹ ബയാദ്‌വാൾ

രാജ്യത്തെ ഏറ്റവും കഠിനമായ മത്സരപരീക്ഷകളിലൊന്നായ യു.പി.എസ്.സി സിവില്‍ സര്‍വീസസ് ജയിക്കുക എന്നത് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ സ്വപ്നമാണ്. പലരും നിരന്തരമായ തോൽവികൾക്ക് മുന്നിൽ പരിശ്രമം ഉപേക്ഷിക്കുമ്പോൾ, വിട്ടുകൊടുക്കാതെ പോരാടി വിജയം വരിച്ചയാളാണ് ഐ.എ.എസ് ഓഫീസറായ നേഹ ബയാദ്‌വാൾ.

പുതിയ സ്കൂളിലെ അന്തരീക്ഷത്തോടും ഭാഷയോടും പൊരുത്തപ്പെടാനാകാതെ അഞ്ചാം ക്ലാസിൽ തോറ്റ അനുഭവം മുതൽ, ആദ്യ മൂന്ന് ശ്രമങ്ങളിലും യു.പി.എസ്.സി ലഭിക്കാതിരുന്നത് വരെയുള്ള തിരിച്ചടികൾ നേഹയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ നാലാം ശ്രമത്തിൽ, 2021-ലെ സിവില്‍ സര്‍വീസസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 569-ാം റാങ്ക് (AIR 569) നേടി, വെറും 24-ാം വയസ്സിൽ നേഹ ഐ.എ.എസ് ഓഫീസറായി മാറി.

ജയ്പൂരിൽ ജനിച്ച നേഹയ്ക്ക് ആദായനികുതി വകുപ്പിൽ ജോലി ചെയ്തിരുന്ന പിതാവിന്റെ സ്ഥലംമാറ്റം കാരണം ബാല്യകാലത്ത് നിരന്തരം നഗരങ്ങൾ മാറേണ്ടി വന്നിരുന്നു. ജയ്പൂർ, ഭോപ്പാൽ, ബിലാസ്പൂർ, കോർബ, റായ്പൂർ എന്നിവിടങ്ങളിലായി പല സ്കൂളുകളിലാണ് പഠിച്ചത്.

ഈ മാറ്റങ്ങളിൽ ഒന്നാണ് നേഹയുടെ ജീവിതത്തെ സ്വാധീനിച്ചത്. ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് മാറിയപ്പോൾ ഭാഷ കൈകാര്യം ചെയ്യാൻ പ്രയാസപ്പെടുകയും അഞ്ചാം ക്ലാസിൽ തോൽക്കുകയും ചെയ്തു. എന്നാൽ പഴയ സ്കൂളിലേക്ക് മടങ്ങുന്നതിന് പകരം, കഠിനാധ്വാനം ചെയ്ത് ആ വെല്ലുവിളിയെ മറികടക്കാൻ നേഹ തീരുമാനിക്കുകയായിരുന്നു.

യൂണിവേഴ്സിറ്റി ടോപ്പറിൽ നിന്ന് യു.പി.എസ്.സിയിലേക്ക്

തുടർന്ന് പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച നേഹ യൂണിവേഴ്സിറ്റി ടോപ്പറായി മാറി. കുടുംബത്തിന്റെ പിന്തുണയോടെയാണ് പിന്നീട് സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കായി തയ്യാറെടുക്കാൻ തീരുമാനിച്ചത്.

മൂന്ന് ശ്രമങ്ങൾ, മൂന്ന് തിരിച്ചടികൾ

വിജയം എളുപ്പമായിരുന്നില്ല. ആദ്യ രണ്ട് ശ്രമങ്ങളിൽ പ്രിലിമിനറി പരീക്ഷ പോലും കടക്കാൻ സാധിച്ചില്ല. മൂന്നാം ശ്രമത്തിൽ പ്രിലിംസ് പാസായെങ്കിലും മെയിൻസ് പരീക്ഷയിൽ പരാജയപ്പെട്ടു. എങ്കിലും ഓരോ തോൽവിയെയും തന്റെ ബലഹീനതകൾ തിരിച്ചറിയാനുള്ള അവസരമായാണ് നേഹ കണ്ടത്.

കഠിനമായ ആ വർഷങ്ങളിൽ കുടുംബം നൽകിയ പിന്തുണയാണ് ആത്മവിശ്വാസം കൈവിടാതിരിക്കാൻ സഹായിച്ചതെന്ന് നേഹ വ്യക്തമാക്കുന്നു.

വിജയം തന്ന പുതിയ തന്ത്രം

മൂന്നാം തോൽവിക്ക് ശേഷം നേഹ തന്റെ പഠനരീതി പൂർണ്ണമായും മാറ്റി. മൂന്ന് വർഷത്തോളം മൊബൈൽ ഫോണിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിന്നു. റിവിഷൻ, മോക്ക് ടെസ്റ്റുകൾ, ആൻസർ റൈറ്റിങ് എന്നിവയ്ക്ക് കൂടുതൽ സമയം മാറ്റിവെച്ചു.

അനിയന്റെ സഹായം

പഠനത്തിൽ നേഹയുടെ ഇളയ സഹോദരനും വലിയ പങ്കുവഹിച്ചു. ഒരു സ്റ്റോപ്പ് വാച്ച് ഉപയോഗിച്ച്, നിശ്ചിത സമയത്തിനുള്ളിൽ ഉത്തരങ്ങൾ എഴുതിപ്പഠിക്കാൻ സഹോദരൻ നേഹയെ സഹായിച്ചു. ഇത് പരീക്ഷയിലെ സമയക്രമീകരണവും വേഗതയും വർദ്ധിപ്പിക്കാൻ സഹായിച്ചു.

നാലാം ശ്രമത്തിൽ വിജയം

നാലാം ശ്രമത്തിൽ 2021-ലെ യു.പി.എസ്.സി പരീക്ഷയിൽ 569-ാം റാങ്ക് നേടി നേഹ ഗുജറാത്ത് കേഡറിൽ ഐ.എ.എസ് ഓഫീസറായി ചുമതലയേറ്റു. ഫലം വന്ന ദിവസം പുറമെ ശാന്തയായിരുന്നെങ്കിലും ഉള്ളിൽ വലിയ സന്തോഷമായിരുന്നുവെന്നും, കുടുംബത്തിന്റെ സന്തോഷം കണ്ടപ്പോൾ എല്ലാ കഷ്ടപ്പാടുകൾക്കും ഫലം ലഭിച്ചതായി തോന്നിയെന്നും നേഹ ഓർക്കുന്നു.

ഉദ്യോഗാർത്ഥികളോട് പറയാനുള്ളത്

നിലവിൽ ഉത്തർപ്രദേശിലെ ഹർദോയിയിൽ ചീഫ് ഡെവലപ്‌മെന്റ് ഓഫീസറായി (CDO) സേവനമനുഷ്ഠിക്കുന്ന നേഹയ്ക്ക് ഉദ്യോഗാർത്ഥികളോട് പറയാനുള്ളത് ഒന്നാണ്; പഠിക്കുന്ന മണിക്കൂറുകളുടെ എണ്ണമല്ല, ആ സമയം എത്രത്തോളം കൃത്യമായി ഉപയോഗിക്കുന്നു എന്നതിലാണ് വിജയം ഇരിക്കുന്നത്.

കൃത്യമായ ആസൂത്രണവും കഠിനാധ്വാനവുമാണ് വിജയത്തിന് വേണ്ടതെന്ന് നേഹ വിശ്വസിക്കുന്നു. അഞ്ചാം ക്ലാസിൽ തോറ്റ പെൺകുട്ടിയിൽ നിന്ന് ഐ.എ.എസ് ഓഫീസറിലേക്കുള്ള നേഹയുടെ ജീവിതം ആയിരക്കണക്കിന് ആളുകൾക്ക് വലിയൊരു പ്രചോദനമാണ്.

Also read: