05/09/2026
[fontresizer_tawhidurrahmandear_widget]

ഗസ്സയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 21,500 കുട്ടികൾ; 1,244 പള്ളികൾ പൂർണ്ണമായും തകർത്തു; കണക്കുകൾ പുറത്തുവിട്ട് മീഡിയ ഓഫീസ്

 ഗസ്സയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 21,500 കുട്ടികൾ; 1,244 പള്ളികൾ പൂർണ്ണമായും തകർത്തു; കണക്കുകൾ പുറത്തുവിട്ട് മീഡിയ ഓഫീസ്

ഗസ്സ: 2023 ഒക്ടോബറിന് ശേഷം ഗസ്സയിൽ ഇസ്രയേൽ സൈന്യം നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 21,500 കുട്ടികൾ കൊല്ലപ്പെട്ടതായി ഗസ്സ മീഡിയ ഓഫീസ് വ്യക്തമാക്കി. കുട്ടികൾക്ക് പുറമെ ആരാധനാലയങ്ങൾക്ക് നേരെയും വ്യാപകമായ ആക്രമണമാണ് നടക്കുന്നത്. ഗസ്സയിലുണ്ടായിരുന്ന 1,275 പള്ളികളിൽ 1,244 എണ്ണവും ഇസ്രയേൽ ലക്ഷ്യംവെച്ചതായും ഇതിൽ 1,077 പള്ളികളും പൂർണ്ണമായും തകർത്തതായും മീഡിയ ഓഫീസ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. എല്ലാ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ടാണ് മനുഷ്യരാശിക്കെതിരായ ഈ ക്രൂരമായ കുറ്റകൃത്യങ്ങൾ ഇസ്രയേൽ തുടരുന്നതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

പ്രതിരോധിക്കാൻ യാതൊരു മാർഗ്ഗവുമില്ലാത്ത സാധാരണക്കാരെയും അവരുടെ വാസസ്ഥലങ്ങളെയും ബോധപൂർവ്വവും വ്യവസ്ഥാപിതവുമായാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്. നിരപരാധികളുടെ, പ്രത്യേകിച്ച് കുട്ടികളുടെ രക്തം വീഴ്ത്തുന്ന ഈ വംശഹത്യാ യുദ്ധത്തിന്റെ ക്രൂരതയാണ് പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നതെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സിവിലിയന്മാർക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിച്ച ഗസ്സ മീഡിയ ഓഫീസ്, വെടിനിർത്തൽ കരാർ പൂർണ്ണമായും പാലിക്കാൻ ഇസ്രയേലിനുമേൽ സമ്മർദ്ദം ചെലുത്താൻ അന്താരാഷ്ട്ര മധ്യസ്ഥർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, ഗസ്സയ്ക്കെതിരായ ആക്രമണങ്ങൾ വർദ്ധിപ്പിക്കുമെന്ന പുതിയ ഭീഷണിയുമായി ഇസ്രയേൽ രംഗത്തെത്തിയിട്ടുണ്ട്. ഗസ്സയിൽ നിന്നും ഇസ്രയേൽ പ്രദേശങ്ങളിലേക്ക് പറത്തിവിടുന്ന പട്ടങ്ങളെ യുദ്ധായുധങ്ങളായി കണക്കാക്കുമെന്നും ഇതിനെതിരെ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രയേൽ അതിർത്തി ഗ്രാമങ്ങളിൽ ഒമ്പത് പട്ടങ്ങൾ കണ്ടെത്തിയെന്നും ഇതിലൊന്ന് സൈന്യം വെടിവെച്ചിട്ടുവെന്നും നെതന്യാഹു അവകാശപ്പെട്ടു. ഇസ്രയേലിന്റെ പ്രതികരണം പരിശോധിക്കാനുള്ള ഹമാസിന്റെ തന്ത്രമാണിതെന്നും പട്ടങ്ങൾ പറത്തുന്നത് തുടർന്നാൽ ആക്രമണവും കുടിയൊഴിപ്പിക്കലും കൂടുതൽ ശക്തമാക്കുമെന്നുമാണ് ഇസ്രയേലിന്റെ ഭീഷണി.

Also read: