‘സ്വന്തം സഹായിയെ വ്യാജ പരാതിക്കാരനാക്കി’; സ്ഥലമുടമയിൽ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ തഹസിൽദാർ പിടിയിൽ
കൊച്ചി: കൃഷിഭൂമി പുരയിടമാക്കി രേഖകൾ തിരുത്തി നൽകാൻ വ്യാജ പരാതിക്കാരനെ സൃഷ്ടിച്ച് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ തഹസിൽദാർ വിജിലൻസ് പിടിയിൽ. എറണാകുളം കണയന്നൂർ ലാൻഡ് റവന്യൂ തഹസിൽദാർ ജോസഫ് ആന്റണിയാണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം ഇടനിലക്കാരായി നിന്ന ഷിബിൻ, രാജേഷ് (കണ്ണൻ) എന്നീ രണ്ട് ഏജന്റുമാരെയും കടവന്ത്രയിൽ വെച്ച് വിജിലൻസ് സംഘം പിടികൂടി.
എളമക്കരയിലുള്ള ഒരു സ്ഥലമുടമയുടെ ഭൂമി സംബന്ധിച്ചാണ് തഹസിൽദാർ ഈ തട്ടിപ്പ് ആസൂത്രണം ചെയ്തത്. വർഷങ്ങളായി പുരയിടം എന്ന നിലയിൽ കരം അടച്ചുവന്നിരുന്ന ഭൂമിയായിരുന്നു ഇത്. എന്നാൽ, സ്ഥലം വിൽക്കാൻ ശ്രമിച്ചപ്പോഴാണ് റവന്യൂ രേഖകളിൽ ഇതൊരു കൃഷിഭൂമിയാണെന്ന് ഉടമയ്ക്ക് മനസ്സിലായത്. ഈ അവസരം മുതലെടുത്ത ജോസഫ് ആന്റണി, കൃഷിഭൂമി അനധികൃതമായി മണ്ണിട്ട് നികത്തിയതാണെന്ന് കാണിച്ച് സ്വന്തം സഹായിയെക്കൊണ്ട് തന്നെ സ്ഥലമുടമക്കെതിരെ ഒരു വ്യാജ പരാതി നൽകിക്കുകയായിരുന്നു.
പരാതി ഉയർന്നതോടെ പ്രശ്നപരിഹാരത്തിനായി സ്ഥലമുടമ തഹസിൽദാരെ സമീപിച്ചു. പരാതിക്കാരനുമായി ഒത്തുതീർപ്പാക്കാനും രേഖകൾ പുരയിടമാക്കി മാറ്റി നൽകാനുമായി 10 ലക്ഷം രൂപയാണ് ജോസഫ് ആന്റണി കൈക്കൂലിയായി ആവശ്യപ്പെട്ടത്.
തുടർന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം ഒരുക്കിയ കെണിയിലാണ് തഹസിൽദാരും സഹായികളും കുടുങ്ങിയത്. രണ്ട് ലക്ഷം രൂപ പണമായും എട്ട് ലക്ഷം രൂപയുടെ ചെക്കുമായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവർ പിടിയിലായത്. സംഭവത്തിൽ കൂടുതൽ റവന്യൂ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന കാര്യം വിജിലൻസ് അന്വേഷിച്ചുവരികയാണ്. വൈകാതെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനും സാധ്യതയുണ്ട്.