04/09/2026
[fontresizer_tawhidurrahmandear_widget]

യുവതിയെ കൊലപ്പെടുത്തി മൃതദേഹം പീഡിപ്പിച്ച കേസ്; ജാമ്യത്തിലിറങ്ങിയ പ്രതി ജീവനൊടുക്കി

 യുവതിയെ കൊലപ്പെടുത്തി മൃതദേഹം പീഡിപ്പിച്ച കേസ്; ജാമ്യത്തിലിറങ്ങിയ പ്രതി ജീവനൊടുക്കി

കോഴിക്കോട്: കോഴിക്കോട് മാളിക്കടവിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം പീഡിപ്പിച്ച കേസിലെ പ്രതി ജീവനൊടുക്കി. വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ വൈശാഖൻ (35) ആണ് മരിച്ചത്. നാടിനെ നടുക്കിയ കൊലപാതക കേസിൽ അറസ്റ്റിലായിരുന്ന ഇയാൾ കുറച്ചുദിവസങ്ങൾക്ക് മുൻപാണ് ജാമ്യത്തിലിറങ്ങിയത്.

വ്യാഴാഴ്ച സ്വന്തം വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ ഇയാളെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ ചേവായൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു.

കഴിഞ്ഞ ജനുവരി 24-നായിരുന്നു ഇയാൾ പ്രതിയായ കൊലപാതകം നടന്നത്. യുവതിക്ക് പതിനാറ് വയസ്സുള്ളപ്പോൾ മുതൽ പ്രതിയുമായി അടുപ്പമുണ്ടായിരുന്നു. വൈശാഖന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം യുവതി തന്റെ ഭാര്യയെ അറിയിക്കുമെന്ന് ഭയന്നാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തത്. മാളിക്കടവിലുള്ള സ്വന്തം വർക്ക്ഷോപ്പിലേക്ക് വിളിച്ചുവരുത്തി, ഒന്നിച്ചു ജീവനൊടുക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ കഴുത്തിൽ കുരുക്കിട്ട ശേഷം ഇയാൾ സ്റ്റൂൾ തട്ടിത്തെറിപ്പിക്കുകയായിരുന്നു.

കൊലപാതകത്തിന് ശേഷം യുവതി തൂങ്ങിനിൽക്കുമ്പോഴും, പിന്നീട് താഴെ ഇറക്കി കിടത്തിയ സമയത്തും മൃതദേഹത്തെ ഇയാൾ ക്രൂരമായി പീഡിപ്പിച്ചിരുന്നു. വർക്ക്ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പോലീസിന് ഈ നിർണ്ണായക തെളിവുകൾ ലഭിച്ചത്. കൊലപാതകം, മൃതദേഹത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾക്ക് പുറമെ പോക്സോ കേസും ഇയാൾക്കെതിരെ ചുമത്തിയിരുന്നു. റിമാൻഡ് കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ പോലീസ് കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ വിചാരണ നേരിടാനിരിക്കെയാണ് പ്രതി ജീവനൊടുക്കിയത്.

Also read: