03/09/2026
[fontresizer_tawhidurrahmandear_widget]

കോഴിക്കോട് ലഹരിക്ക് അടിമയായ മകൻ അമ്മയെ ആക്രമിക്കുന്നത് തടയാനെത്തി; മർദനമേറ്റ് പിതാവ് മരിച്ചു

 കോഴിക്കോട് ലഹരിക്ക് അടിമയായ മകൻ അമ്മയെ ആക്രമിക്കുന്നത് തടയാനെത്തി; മർദനമേറ്റ് പിതാവ് മരിച്ചു

കോഴിക്കോട് : കോഴിക്കോട് വെള്ളിപറമ്പിൽ ലഹരിക്ക് അടിമയായ മകൻ്റെ മർദനമേറ്റ് പിതാവിന് ദാരുണാന്ത്യം. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരനാണ് മകൻ അഭിരാമിൻ്റെ (26) ക്രൂരമർദനത്തിനിരയായി ജീവൻ വെടിഞ്ഞത്. ഇന്നലെ അർധരാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

ലഹരി ഉപയോഗിച്ചെത്തിയ അഭിരാം അമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ശശിധരന് നേരെ ആക്രമണമുണ്ടായത്. ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ച പിതാവിൻ്റെ കഴുത്തിന് കുത്തുകയും തലയിൽ ശക്തിയായി അടിക്കുകയും ചെയ്യുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ശശിധരനെ ബഹളം കേട്ടെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവം നടക്കുമ്പോൾ യാതൊരു ഭാവവ്യത്യാസവുമില്ലാതെ അഭിരാം വീട്ടിൽ തന്നെ നിൽപ്പുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് സ്ഥലത്തെത്തിയ മെഡിക്കൽ കോളേജ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. താനാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. നേരത്തെയും ലഹരി ഉപയോഗിച്ച് വീട്ടിലെത്തി അഭിരാം മാതാപിതാക്കളെയും സഹോദരനെയും മർദിക്കുന്നത് പതിവായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ പോലീസെത്തി ഇയാളെ കൊണ്ടുപോകുമെങ്കിലും പിന്നീട് തിരിച്ചെത്തി അക്രമം ആവർത്തിക്കുകയായിരുന്നു പതിവെന്ന് നാട്ടുകാർ പറയുന്നു.

കുറ്റിക്കാട്ടൂർ സർവീസ് സ്റ്റേഷന് സമീപമുള്ള വീട്ടിൽ വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കൂടുതൽ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ വിപിൻ്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

Also read: