04/09/2026
[fontresizer_tawhidurrahmandear_widget]

വായിൽ കടിച്ചുപിടിച്ച നോട്ട് നീട്ടി യാത്രക്കാരൻ; വാങ്ങാൻ കൂട്ടാക്കാതെ വനിതാ കണ്ടക്ടർ ഇറങ്ങിപ്പോയി, പ്രിയദര്‍ശനി ട്രിപ്പ് മുടങ്ങി

 വായിൽ കടിച്ചുപിടിച്ച നോട്ട് നീട്ടി യാത്രക്കാരൻ; വാങ്ങാൻ കൂട്ടാക്കാതെ വനിതാ കണ്ടക്ടർ ഇറങ്ങിപ്പോയി, പ്രിയദര്‍ശനി ട്രിപ്പ് മുടങ്ങി

മൂവാറ്റുപുഴ: യാത്രക്കാരൻ വായിൽ കടിച്ചുപിടിച്ച ശേഷം നൽകിയ പണം വാങ്ങാൻ വിസമ്മതിച്ചതിനെച്ചൊല്ലി തർക്കം. തുടർന്ന് വനിതാ കണ്ടക്ടർ ബസിൽ നിന്നിറങ്ങിപ്പോയതോടെ കെഎസ്ആർടിസി പ്രിയദർശിനി ഓർഡിനറി ബസിന്റെ സർവീസ് മുടങ്ങി. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂവാറ്റുപുഴ ഡിപ്പോയിൽ നിന്ന് കൂത്താട്ടുകുളം സ്റ്റാൻഡിലെത്തിയ ബസിലായിരുന്നു നാടകീയ സംഭവങ്ങൾ.

ബസ് കൂത്താട്ടുകുളം സ്റ്റാൻഡിലെത്തിയപ്പോൾ ടിക്കറ്റെടുക്കാൻ ഒരു യാത്രക്കാരൻ വായിൽ കടിച്ചുപിടിച്ച നോട്ട് കണ്ടക്ടർക്ക് നേരെ നീട്ടി. എന്നാൽ നോട്ട് സ്വീകരിക്കാൻ വനിതാ കണ്ടക്ടർ വിസമ്മതിച്ചു. ഇതേച്ചൊല്ലി യാത്രക്കാരനും കണ്ടക്ടറും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി.

തർക്കത്തിനൊടുവിൽ കണ്ടക്ടർ ബസിൽ നിന്നിറങ്ങി യൂണിറ്റ് ഇൻസ്പെക്ടറെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് കൂത്താട്ടുകുളം പോലീസിനെ വിവരമറിയിച്ച ശേഷം അവർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ആശുപത്രിയിൽ നിന്ന് തിരികെ സ്റ്റാൻഡിലെത്തിയെങ്കിലും കടുത്ത മാനസിക സമ്മർദ്ദം കാരണം ജോലി തുടരാൻ കഴിയില്ലെന്ന് ഇവർ യൂണിറ്റ് ഇൻസ്പെക്ടർ രോഹിണിയെ അറിയിച്ചു. ചികിത്സ തേടിയതിന്റെ ഒപി ടിക്കറ്റും ലീവ് അപേക്ഷയും കൈമാറുകയും ചെയ്തു.

സംഭവത്തെ തുടർന്ന് യാത്രക്കാരും ഡ്രൈവറും ഏറെ നേരം ബസിനുള്ളിൽ കാത്തിരുന്നു. വിവരം മൂവാറ്റുപുഴ ഡിപ്പോയിൽ അറിയിച്ചെങ്കിലും പകരക്കാരനായ മറ്റൊരു കണ്ടക്ടറെ ലഭ്യമായില്ല. ഇതോടെ യാത്ര തുടരാനാകാതെ ബസ് കൂത്താട്ടുകുളം സ്റ്റാൻഡിൽ തന്നെ നിർത്തിയിടേണ്ടി വന്നു.

Also read: