03/08/2026
[fontresizer_tawhidurrahmandear_widget]

33 വർഷത്തെ നിയമപോരാട്ടം; ബാബരി മസ്ജിദ് കാലത്തെ രാജ്യദ്രോഹ കേസിൽ 78-കാരനെ വെറുതെ വിട്ട് എൻ.ഐ.എ കോടതി

 33 വർഷത്തെ നിയമപോരാട്ടം; ബാബരി മസ്ജിദ് കാലത്തെ രാജ്യദ്രോഹ കേസിൽ 78-കാരനെ വെറുതെ വിട്ട് എൻ.ഐ.എ കോടതി

ന്യൂഡൽഹി: ബാബരി മസ്ജിദ് തകർക്കപ്പെട്ട കാലത്ത് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിൽ 33 വർഷങ്ങൾക്ക് ശേഷം 78-കാരനെ ലഖ്‌നൗവിലെ പ്രത്യേക എൻ.ഐ.എ കോടതി കുറ്റവിമുക്തനാക്കി. ഉത്തർപ്രദേശിലെ ഖൊരഖ്പൂർ ജില്ലയിലെ ഇസ്മായിൽപൂർ സ്വദേശിയായ മുഹമ്മദ് നയീമിനെയാണ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയും എൻ.ഐ.എ പ്രത്യേക ജഡ്ജിയുമായ ഉമാകാന്ത് ജിൻഡാൽ വെറുതെ വിട്ടത്.

കുറ്റാരോപിതർക്കെതിരെയുള്ള ആരോപണങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും, കുറ്റകൃത്യവുമായി ഇദ്ദേഹത്തെ ബന്ധിപ്പിക്കുന്ന നിർണായക തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഈ കേസിൽ നയീമിനൊപ്പം പ്രതി ചേർക്കപ്പെട്ടിരുന്ന മറ്റു രണ്ടുപേർ നീണ്ട വിചാരണ കാലയളവിനിടെ മരണപ്പെട്ടിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124A (രാജ്യദ്രോഹം), 295A (മതവികാരം വ്രണപ്പെടുത്തൽ), 153B (ദേശീയോദ്ഗ്രഥനത്തിന് തടസ്സമാകുന്ന പ്രസ്താവനകൾ നടത്തുക) എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു ഇദ്ദേഹം വിചാരണ നേരിട്ടിരുന്നത്. 1993-ൽ ഖൊരഖ്പൂരിലെ കോട്‌വാലി പോലീസ് സ്റ്റേഷനിലായിരുന്നു ഈ കേസ് രജിസ്റ്റർ ചെയ്തത്. 1993 ജനുവരി 26-ന് പട്രോളിംഗിനിടെ അന്നത്തെ കോട്‌വാലി ഇൻസ്പെക്ടർ പവൻ കുമാർ സിംഗും മറ്റ് പോലീസുകാരും ഇസ്മായിൽപൂർ മേഖലയിൽ ചിലർ കരിങ്കൊടി ഉയർത്തുന്നതും ‘പാകിസ്താൻ സിന്ദാബാദ്’, ‘റിപ്പബ്ലിക് ഡേ മൂർദാബാദ്’ എന്നീ മുദ്രാവാക്യങ്ങൾ വിളിക്കുന്നതും കണ്ടു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

ബാബരി മസ്ജിദ് തകർച്ചയെക്കുറിച്ച് പരാമർശിച്ച പ്രതികൾ, ഇന്ത്യയിൽ ‘മറ്റൊരു പാകിസ്താൻ’ വേണമെന്ന് ആവശ്യപ്പെട്ടതായും വർഗീയ വിദ്വേഷം പടർത്തുന്ന രീതിയിൽ പ്രസംഗിച്ചതായും എഫ്.ഐ.ആറിൽ ആരോപിച്ചിരുന്നു. പോലീസ് എത്തുന്നതിന് മുൻപ് തന്നെ പ്രതികൾ ഓടിരക്ഷപ്പെട്ടുവെന്നും സംഭവസ്ഥലത്ത് നിന്ന് നാല് കരിങ്കൊടികൾ കണ്ടെടുത്തുവെന്നും പോലീസ് അവകാശപ്പെട്ടു. പിന്നീട് മുഹമ്മദ് നയീം, മുഹമ്മദ് യൂസഫ്, അതാഉല്ല തുടങ്ങിയവരാണ് പ്രതികളെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു.

എന്നാൽ വിചാരണ വേളയിൽ പ്രോസിക്യൂഷന്റെ വാദങ്ങളിൽ കോടതി ഗുരുതരമായ പിഴവുകളും തെളിവുകളുടെ അഭാവവും കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തുവെന്ന് പറയപ്പെടുന്ന കരിങ്കൊടികൾ കോടതിയിൽ ഹാജരാക്കുകയോ അത് കണ്ടെടുത്തത് സംബന്ധിച്ച കൃത്യമായ രേഖകൾ സമർപ്പിക്കുകയോ ചെയ്തിരുന്നില്ല. മുദ്രാവാക്യം വിളിച്ചവർ പോലീസ് എത്തുന്നതിന് മുൻപ് തന്നെ ഓടിപ്പോയിരുന്നു എന്ന് പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയായ കോൺസ്റ്റബിൾ ദുർവിജയ് സിംഗ് ക്രോസ് വിസ്താരത്തിൽ സമ്മതിച്ചതും കോടതി ചൂണ്ടിക്കാട്ടി.

പരാതിക്കാരനായ അന്നത്തെ എസ്.എച്ച്.ഒ പവൻ കുമാർ സിംഗിനെ വിസ്തരിച്ചെങ്കിലും, ക്രോസ് വിസ്താരത്തിനായി പലതവണ അവസരം നൽകിയിട്ടും അദ്ദേഹത്തെ ഹാജരാക്കാൻ കഴിഞ്ഞില്ല. കൂടാതെ, രണ്ടാമത്തെ അന്വേഷണ ഉദ്യോഗസ്ഥൻ ഒരിക്കൽ പോലും സംഭവസ്ഥലം സന്ദർശിച്ചിട്ടില്ലെന്നും പുതിയ സാക്ഷിമൊഴികൾ രേഖപ്പെടുത്താതെ ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥൻ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചതെന്നും ക്രോസ് വിസ്താരത്തിൽ സമ്മതിച്ചത് അന്വേഷണത്തിലെ വീഴ്ചയായി കോടതി വിലയിരുത്തി.

പോലീസ് എത്തുന്നതിന് മുൻപ് തന്നെ പ്രതികൾ ഓടിപ്പോയിരുന്നുവെങ്കിൽ മുഹമ്മദ് നയീമിനെയും മറ്റ് പ്രതികളെയും പോലീസ് എങ്ങനെ തിരിച്ചറിഞ്ഞുവെന്നും കോടതി ചോദിച്ചു. പ്രതികളെ തിരിച്ചറിഞ്ഞത് ആരാണെന്ന് വ്യക്തമാക്കാനോ നയീമിനെ ഈ സംഭവവുമായി ബന്ധിപ്പിക്കുന്ന സ്വതന്ത്ര സാക്ഷികളെ ഹാജരാക്കാനോ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പത്ത് വർഷത്തോളമെടുത്താണ് ഈ കേസിന്റെ അന്വേഷണം പൂർത്തിയായതെന്ന് നയീമിന്റെ അഭിഭാഷകൻ രാഹുൽ സോങ്കർ വ്യക്തമാക്കി.

പ്രതികൾക്കെതിരെ മതിയായ തെളിവുകളില്ലെന്ന് കാണിച്ച് 2003-ൽ ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥൻ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അപ്പോഴേക്കും പ്രതികളിലൊരാളായ മുഹമ്മദ് യൂസഫ് മരണപ്പെട്ടിരുന്നു. ഈ റിപ്പോർട്ട് തള്ളിയതിന് പിന്നാലെയാണ് പുതിയ തെളിവുകളൊന്നും ശേഖരിക്കാതെ 2005-ൽ മറ്റൊരു ഉദ്യോഗസ്ഥൻ നയീമിനും അതാഉല്ലയ്ക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചത്. കേസിന്റെ വിചാരണ നടക്കുന്നതിനിടെ അതാഉല്ലയും മരിച്ചതോടെ നയീം മാത്രമായി വിചാരണ നേരിടുകയായിരുന്നു. പിന്നീട് ദേശീയ അന്വേഷണ ഏജൻസി നിയമത്തിലെ അധികാരപരിധിയിലുണ്ടായ മാറ്റങ്ങളെത്തുടർന്ന് ഖൊരഖ്പൂരിൽ നിന്ന് കേസ് ലഖ്‌നൗവിലെ പ്രത്യേക എൻ.ഐ.എ കോടതിയിലേക്ക് മാറ്റുകയായിരുന്നു. നീണ്ട 33 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് തെളിവുകളുടെ അഭാവത്തിൽ ഇപ്പോൾ നയീമിനെ കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നത്.

Also read: