04/09/2026
[fontresizer_tawhidurrahmandear_widget]

കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് അറ്റകുറ്റപ്പണി ചെലവ് 92.35 കോടി; 10 വർഷത്തിനിടെ മൂന്നിരട്ടി വർധന, ബംഗ്ലാവൊന്നിന് 1.2 കോടി

 കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് അറ്റകുറ്റപ്പണി ചെലവ് 92.35 കോടി; 10 വർഷത്തിനിടെ മൂന്നിരട്ടി വർധന, ബംഗ്ലാവൊന്നിന് 1.2 കോടി

ന്യൂഡൽഹി: ഡൽഹി ലുട്ടിയൻസ് സോണിലെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക ബംഗ്ലാവുകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിക്കുന്ന തുകയിൽ വൻ വർധനവ്. വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന കണക്കുകൾ പ്രകാരം 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 92.35 കോടി രൂപയാണ് ഈ ഇനത്തിൽ ചെലവായത്. നിലവിലെ 70 മുതൽ 72 വരെയുള്ള മന്ത്രിമാരുടെ കണക്കുവെച്ച് നോക്കുമ്പോൾ ഒരു ബംഗ്ലാവിന്റെ അറ്റകുറ്റപ്പണിക്കായി മാത്രം ശരാശരി 1.2 കോടി രൂപയോളം ചെലവുവരുന്നുണ്ട്.

2014-15 കാലയളവിൽ 27.47 കോടി രൂപയായിരുന്ന അറ്റകുറ്റപ്പണി ചെലവാണ് പത്തുവർഷത്തിനിടെ മൂന്നിരട്ടിയായി വർധിച്ചത്. 2014-15 മുതൽ 2025-26 വരെയുള്ള വർഷങ്ങളിൽ ആകെ 547.68 കോടി രൂപയാണ് സെൻട്രൽ പബ്ലിക് വർക്ക്സ് ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ടത്തിൽ ഇതിനായി വിനിയോഗിച്ചത്.

80 മുതൽ 100 വർഷം വരെ പഴക്കമുള്ള കെട്ടിടങ്ങളായതിനാൽ മേൽക്കൂര ചോർച്ച, ചിതൽ ശല്യം, ഇലക്ട്രിക്കൽ-പ്ലംബിങ് തകരാറുകൾ എന്നിവ പതിവാണെന്നും നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റവും കൂലിവർധനയുമാണ് ചെലവ് ഉയരാൻ കാരണമെന്നുമാണ് അധികൃതരുടെ വിശദീകരണം. അതേസമയം, നികുതിപ്പണം ഇത്തരത്തിൽ വൻതുകയായി അറ്റകുറ്റപ്പണികൾക്ക് ഒഴുക്കുന്നതിനെതിരെ പൊതുജനങ്ങൾക്കിടയിലും വിവിധ കോണുകളിലും വിമർശനം ശക്തമാകുന്നുണ്ട്.

Also read: