17/08/2026
[fontresizer_tawhidurrahmandear_widget]

‘സ്കൂളുകൾ അടച്ചുപ്പൂട്ടുന്നു, എങ്ങും വിദ്യാർഥി പ്രതിഷേധങ്ങൾ’; ഇതിനിടെ ജെൻസികളെ ‘ഗോമിത്ര’ങ്ങളാക്കാൻ യോഗി സർക്കാർ; 10,000 പേർക്ക് പരിശീലനം നൽകുന്ന പുതിയ പശുസംരക്ഷണ പദ്ധതി

 ‘സ്കൂളുകൾ അടച്ചുപ്പൂട്ടുന്നു, എങ്ങും വിദ്യാർഥി പ്രതിഷേധങ്ങൾ’; ഇതിനിടെ ജെൻസികളെ ‘ഗോമിത്ര’ങ്ങളാക്കാൻ യോഗി സർക്കാർ; 10,000 പേർക്ക് പരിശീലനം നൽകുന്ന പുതിയ പശുസംരക്ഷണ പദ്ധതി

ലഖ്നൗ: ഉത്തർപ്രദേശിൽ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കും എതിരെ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നതിനിടെ സംസ്ഥാനത്തെ യുവാക്കളെ ‘ഗോമിത്ര’ങ്ങളാക്കാൻ യോഗി ആദിത്യനാഥ് സർക്കാരിന്റെ പുതിയ പദ്ധതി. പശുസംരക്ഷണ പ്രവർത്തനങ്ങൾക്കായി ജെൻ സി വിഭാഗത്തിൽപ്പെട്ട 10,000 യുവാക്കൾക്ക് പ്രത്യേക പരിശീലനം നൽകാനാണ് ഉത്തർപ്രദേശ് ഗോ സേവാ ആയോഗ് തയ്യാറെടുക്കുന്നത്.

പരിശീലനം ലഭിക്കുന്നവർ തങ്ങളുടെ ഗ്രാമങ്ങളിലെ മറ്റ് യുവാക്കൾക്കും പശുസംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം നൽകുന്ന രീതിയിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയിൽ കന്നുകാലികളുടെ സാമൂഹികവും സാമ്പത്തികവുമായ പ്രാധാന്യം, സ്വാഭാവിക കൃഷി, ഗോസംരക്ഷണം എന്നീ വിഷയങ്ങളിലായിരിക്കും ഇവർക്ക് പരിശീലനം നൽകുക. യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് ഗോ സേവാ ആയോഗ് ചെയർമാൻ ശ്യാം ബിഹാരി ഗുപ്ത വ്യക്തമാക്കി.

എന്നാൽ, സംസ്ഥാനത്തെ യുവാക്കൾക്കും വിദ്യാർഥികൾക്കും തൊഴിലിനും മികച്ച വിദ്യാഭ്യാസത്തിനുമായി തെരുവിലിറങ്ങേണ്ടി വരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നീക്കം. സ്‌കൂളുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, മികച്ച പോഷകാഹാരം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ലഖ്നൗ, ഹമീർപൂർ, ഹർദോയി, സീതാപൂർ തുടങ്ങിയ ജില്ലകളിൽ വിദ്യാർഥികളും രക്ഷിതാക്കളും വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് സംഘടിപ്പിക്കുന്നത്.

ഇതിനുപുറമെ, വിദ്യാർഥികൾ കുറവാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ 25,000 മുതൽ 27,000 വരെ സർക്കാർ പ്രൈമറി സ്കൂളുകൾ ലയിപ്പിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യാനുള്ള സർക്കാരിന്റെ പുതിയ തീരുമാനവും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കാനാണ് ലയനമെന്നാണ് സർക്കാർ വിശദീകരണമെങ്കിലും, ഇത് ഗ്രാമീണ മേഖലയിലെ പൊതുവിദ്യാഭ്യാസത്തെ തകർക്കുമെന്ന് ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

സ്കൂളുകൾ പൂട്ടുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ദളിത്, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാർഥികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുകയെന്നാണ് പ്രതിഷേധക്കാരുടെ വാദം. വിദ്യാഭ്യാസ മേഖലയിലെ ഈ വലിയ പ്രതിസന്ധികൾക്കിടയിലാണ് പുതിയ തലമുറയ്ക്ക് ഗോമിത്ര പരിശീലനം നൽകാനുള്ള സർക്കാരിന്റെ നീക്കമെന്നത് ഏറെ ശ്രദ്ധേയമാണ്.

Also read: